ലൈബ്രറി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ്

ഇരവിപുരം: ലൈബ്രറി പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് മയക്കുമരുന്നു സംഘമായും ബന്ധമുണ്ടെന്ന് പോലീസ്. ലൈബ്രറി പരിസരത്ത് സംശയാസ്പദമായി കൂടി നിന്നതിനെ ചോദ്യം ചെയ്ത ലൈബ്രറി പ്രവര്‍ത്തകര്‍ക്ക് നേരെ സംഘം ചേര്‍ന്ന് ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ പിടിയിലായി. വാളത്തുങ്കല്‍ വായനക്കുളം ബാപ്പുജി നഗര്‍ 186 കിഴക്കേവീട്ടില്‍ സബീര്‍ (26) ചാത്തന്നൂര്‍ മീനാട് താഴം വടക്ക് റോയല്‍ ആശുപത്രിക്ക് സമീപം വയലില്‍ പുത്തന്‍വീട്ടില്‍ ആഷിഖ് (20), പഴയാറ്റിന്‍കുഴി സക്കീര്‍ഹുസൈന്‍ നഗര്‍ 155 അലി മന്‍സിലില്‍ പണ്ടം നിഷാദ് എന്നുവിളിക്കുന്ന നിഷാദ് (30) എന്നിവരെയാണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവോണ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം വാളത്തുങ്കല്‍ ലിയോ ക്ലബ്ബിന് സമീപം പ്രദേശവാസികളല്ലാത്ത ഏതാനും പേരെ കാണാനിടയായതിനെ തുടര്‍ന്ന് ലൈബ്രറി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. അതിനു ശേഷം സംഘടിച്ചെത്തിയ യുവാക്കള്‍ നടത്തിയ ആക്രമണത്തില്‍ ലൈബ്രറി പ്രവര്‍ത്തകനായ മന്നം മെമ്മോറിയല്‍ എച്ച്എസ്എസ്എസിന് സമീപം ലിയോ നഗര്‍ 4 ശ്രീഭവനില്‍ ശ്രീജിത്ത് (39) നേയും ഒപ്പുമണ്ടായിരുന്നവരേയും ആക്രമിച്ച ശേഷം കടന്നുകളയുകയായിരുന്നു.

കൊല്ലം എസിപി പ്രദീപ് കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം ഇരവിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ വിനോദിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതികളെ പിടികൂടിയത്. സിറ്റി സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളുടെ ഒളിസങ്കേതത്തെ കുറിച്ച് വിവരം ലഭിച്ച പോലീസ് സംഘം അവിടെ പരിശോധനയ്ക്കായി എത്തുകയുണ്ടായി. പോലീസ് വളഞ്ഞതറിഞ്ഞ് മതില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായി പോലീസ് പിടികൂടുക യായിരുന്നു. ഇതിനിടെ എസ്.ഐ ദീപുവിന്‍റെ കൈക്ക് പരിക്കേറ്റു. ഇരവിപുരം എസ്‌ഐ . എ.പി.അനീഷ് , ദീപു, എഎസ്‌ഐ ഷിബു ജെ പീറ്റര്‍, സിപിഒ വിനു വിജയ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

അക്രമിസംഘത്തിലെ പ്രധാനിക്കായി തെരച്ചില്‍ തുടരുകയാണ്. വാളത്തുങ്കല്‍ ചിറവയല്‍ ഭാഗത്ത് ആളൊഴിഞ്ഞവീടും പുരയിടങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് മൊത്തവ്യാപാരം നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ വന്നുപോകുന്നവരെ പോലീസ് നിരീക്ഷിച്ചുവരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →