മുൻ പ്രധാനമന്ത്രിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച അമേരിക്കൻ ബ്ലോഗർ ഉടൻ രാജ്യം വിട്ടു പോകണമെന്ന് പാക്കിസ്ഥാൻ

ഇസ്ലാമാബാദ് : പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ലൈംഗികാരോപണമുന്നയിച്ച അമേരിക്കന്‍ ബ്ലോഗർ സിന്ധ്യ ഡി റിച്ചി ഉടൻ രാജ്യം വിട്ടു പോകണമെന്ന് പാക് ആഭ്യന്തര മന്ത്രാലയം. വിസ പുതുക്കുന്നതിനായി സിന്ധ്യ ഡി റിച്ചി നൽകിയ അപേക്ഷ നിരസിച്ച മന്ത്രാലയം 15 ദിവസത്തിനകം രാജ്യം വിട്ടു പോകാൻ അവരോട് ആവശ്യപ്പെട്ടു.
മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി, മുന്‍ ആരോഗ്യ മന്ത്രി മഖ്ദൂം ഷഹാബുദ്ദീന്‍, മുന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് എന്നിവര്‍ക്കെതിരെയാണ് രണ്ട് മാസം മുൻപ് സിന്ധ്യ ഡി റിച്ചി ആരോപണം ഉന്നയിച്ചത്.

പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി)യുടെ പ്രമുഖ നേതാവ് കൂടിയായ റഹ്മാന്‍ മാലിക് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ 2011ല്‍ പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു ഡി റിച്ചിയുടെ പ്രധാന ആരോപണം.

റഹ്മാന്‍ മാലിക് ബലാത്സംഗം ചെയ്തുവെന്നും മഖ്ദൂം ഷഹാബുദ്ദീനും യൂസുഫ് റാസ ഗിലാനിയും ശാരീരികമായി ഉപദ്രവിച്ചെന്നും ഫേസ്ബുക്ക് ലൈവിലൂടെയാണ് ഡി റിച്ചി വെളിപ്പെടുത്തിയത്. ഡി റിച്ചി പാക്കിസ്ഥാനിലാണ് സ്ഥിരതാമസം.

ആസിഫ് അലി സര്‍ദാരി പാക് പ്രസിഡന്റായിരുന്ന സമയത്ത് യൂസഫ് റാസ ഗിലാനിയും മഖ്ദൂം ഷഹാബുദ്ദീനും ഇസ്ലാമാബാദിലെ പ്രസിഡന്റിന്റെ വസതിയില്‍ വെച്ചാണ് തന്നെ ശാരീരികമായി ഉപദ്രവിച്ചതെന്നാണ് ഡി റിച്ചി ആരോപിച്ചത്.

സിന്ധ്യ ഡി റിച്ചിയുടെ വെളിപ്പെടുത്തലുകള്‍ പാക്കിസ്ഥാനിലെ പ്രധാന പ്രതിപക്ഷമായ പി.പി.പിയെ പ്രതിരോധത്തിലാക്കിയിരുന്നു.
എന്നാൽ തന്നെ നാടുകടത്തിയാൽ പാക്കിസ്ഥാനിലെ നരകതുല്യമായ അവസ്ഥകൾ പുറം ലോകം അറിയുമെന്ന് സിന്ധ്യ പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →