ന്യൂഡൽഹി: മുൻപെങ്ങും കേട്ടുകേൾവിയില്ലാത്ത അതിതീവ്രമഴകളാണ് നമ്മുടെ രാജ്യത്ത് സമീപകാലത്തായി ഉണ്ടാകുന്നത്. മേഘ സ്ഫോടനങ്ങൾ ഒരു സാധാരണ വാർത്തയായിരിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് ഉയർന്നതോതിലുള്ള മഴ പെയ്യുമ്പോൾ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മലയിടിച്ചിലും ഉണ്ടാകുകയാണ്. അതിതീവ്ര മഴയും പൊടുന്നനെയുണ്ടാകുന്ന വെള്ളപ്പൊക്കവും ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യൻ നഗരങ്ങളെ ആയിരിക്കുമെന്നാണ് പഠനങ്ങൾ മുന്നറിയിപ്പു നൽകുന്നത് . ഇന്ത്യയിലെ മഹാനഗരങ്ങൾ ആയ മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവയെല്ലാം കടലോരങ്ങളിലുമാണ് .
അതിതീവ്ര മഴകൾ മൂലം പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തെ കൈകാര്യം ചെയ്യാൻ പറ്റിയ ഓവുചാൽ സംവിധാനങ്ങൾ നമ്മുടെ നഗരങ്ങളിൽ ഇല്ല. അമിത ജലത്തെ എടുത്തു വയ്ക്കാവുന്ന തണ്ണീർത്തടങ്ങൾ നികത്തിയാണ് മിക്ക നിർമ്മാണ പ്രവർത്തികളും നടന്നിട്ടുള്ളതും.
പുതിയ റോഡുകൾ, പാലങ്ങൾ അപ്പാർട്ട്മെൻറ് കോംപ്ലക്സുകൾ, സ്റ്റേഡിയങ്ങൾ, എന്നിവ നിർമ്മിക്കുമ്പോൾ പ്രളയ ജലത്തെ കുറിച്ച് പഠിക്കാറുമില്ല. ജനസാന്ദ്രത കൂടിവരുന്ന ഇന്ത്യൻ നഗരങ്ങൾ അടിമുടി മാറിയില്ലെങ്കിൽ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കും എന്നാണ് പരിസ്ഥിതി ഗവേഷകർ മുന്നറിയിപ്പു നൽകുന്നത്.10 ലക്ഷത്തിലധികം ജനസംഖ്യയുള്ള അമ്പതിലേറെ നഗരങ്ങൾ ഇന്ത്യയിലുണ്ട്. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളുടെ എണ്ണം 450 ലേറെ ആണ്.
തീരദേശ പരിപാലന നിയമം അടക്കമുള്ളവ കർശനമായി പാലിക്കേണ്ടതാണ് എന്നാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്. പരിസ്ഥിതി നിയമങ്ങൾ ലഘൂകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതിനിടെയാണ് ആശങ്കയുണ്ടാക്കുന്ന ഇത്തരം മുന്നറിയിപ്പുകൾ വരുന്നത്.