തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ നിലനിന്നിരുന്ന വൈരവും ആസൂത്രണവും വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തു വരുന്നു.നാലു ബൈക്കുകളിലായി പ്രതികൾ മുക്കാൽ മണിക്കൂർ മുമ്പേ കൊലപാതക സ്ഥലത്ത് എത്തി റോഡിൻറെ ഇരുവശങ്ങളിലും ആയി കാത്തു നിന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വ്യക്തമായ ആസൂത്രണമാണ് ഇത് സൂചിപ്പിക്കുന്നത്. നാല് ബൈക്കുകളിൽ ആണ് പ്രതികൾ എത്തിയത്. ആയുധങ്ങളുമായി മുക്കാൽ മണിക്കൂറോളം അവർ കാത്തു നിന്നു.
അവിടെ നിലനിന്നിരുന്ന വൈരാഗ്യവും പകയും നിറഞ്ഞ സംഘർഷാവസ്ഥയുടെ നേർസാക്ഷ്യമായി സി സി ടി വി ദൃശ്യങ്ങൾ മാറി. അതേസമയം വടിവാൾ ഉപയോഗിച്ച് ഡിവൈഎഫ്ഐ നേതാക്കൾ തിരിച്ച് ആക്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വടിവാളുമായി വന്നത് സ്വയം പ്രതിരോധത്തിനാണ് എന്ന് സിപിഎം ജില്ലാ സെക്രട്ടറി വിശദീകരിക്കുന്നുണ്ട്. എന്നാൽ ഗുരുതരമായ ഒരു ചോദ്യം ഈ സാഹചര്യം ഉയർത്തുന്നുണ്ട്. ഇത്രയും മാരകമായ പകയും ശത്രുതയും നിലനിൽക്കുന്നു എന്നും അത് ഹീനമായ കുറ്റകൃത്യങ്ങളിലേക്ക് എത്തിച്ചേരാം എന്നും എല്ലാവർക്കും അറിയാമായിരുന്നു. എന്നിട്ടും എന്തുകൊണ്ട് വിവേകപൂർവ്വം ഇടപെട്ടില്ല എന്ന ചോദ്യം തള്ളിക്കളയാനാവില്ല. പോലീസ് സംവിധാനത്തിന്‍റെ സമ്പൂർണ പരാജയവും ഇത് വ്യക്തമാക്കുന്നുണ്ട്. മുൻപ് ചില സംഘട്ടനങ്ങള്‍ ഉണ്ടാവുകയും ഒരു വധ ശ്രമം നടക്കുകയും ചെയ്തതിനു ശേഷവും ഇൻറലിജൻസ് സ്പെഷ്യൽ ബ്രാഞ്ച് ഇതേപ്പറ്റി എന്തുകൊണ്ട് അന്വേഷിച്ചു വിവരങ്ങൾ നൽകിയില്ല എന്ന ചോദ്യമുണ്ട്.

