കല്ലമ്പലം:ബില്‍ഡിംഗ് കോണ്‍ട്രാക്ടറെ തട്ടിക്കൊണ്ടു പോയി പണവും ആഭരണങ്ങളും കവര്‍ന്ന കേസില്‍ രണ്ടുപേരെക്കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. ഒറ്റൂര്‍ മുളളരംകോട് പ്രസിഡന്‍റ് ജങ്‌ഷനില്‍ അജീഷ് ഭവനില്‍ അജിത് (27), കല്ലമ്പലം ആലുമ്മൂട് സിന്ധു ഭവ നില്‍ വിഷ്‌ണു എന്ന വിജയ് (26) എന്നിവരാണ് അറസ്‌റ്റിലായത്.
പാവല്ലയിലുളള സുഹൃത്തിന്‍റെ വീട്ടില്‍ സംസാരിച്ചുകൊണ്ടിരുന്ന കരാറുകാരനെ ഗുണ്ടാത്തലവനായ റീബുവും സംഘവും പണം ആവശ്യപ്പെട്ട് ദേഹോപദ്രവം ഏല്‍പ്പിക്കുകയും കാറിന്‍റെ പിറകില്‍ കയറ്റി പലയിടങ്ങളിലും കൊണ്ടുപോയി മര്‍ദ്ദിക്കുകയും പതിനായിരം രൂപയും വെളളിമോതിരവും മൊബൈല്‍ ഫോണും പിടിച്ചെടുക്കുകയും വാഹനം പണയം വയ്‌ക്കാന്‍ ശ്രമിക്കുകയും ചെയ്‌തുവെന്നതാണ് കേസ്. ഒന്നാം പ്രതിയായ റിബുവിനെ പൊലീസ് നേരത്തേ അറസ്‌റ്റ് ചെയ്‌തിരുന്നു.
ആറ്റിങ്ങല്‍ ഡിവൈഎസ്‌പി എസ്.വൈ സുരേഷിന്‍റെ നേതൃത്വത്തില്‍ കല്ലമ്പലം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഫറോസ് ഐ, സബ്‌ഇന്‍സ്‌പെക്ടര്‍ ഗംഗ പ്രസാദ് എഎസ്‌ഐ സുനില്‍ എന്നിവരടങ്ങുന്ന സംഘമാണ് ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റു ചെയ്‌തു

