ബംഗളൂരു: മൂന്ന് മാസം മാത്രം പ്രായമായ പെൺകുഞ്ഞിനെ കർഷകനായ പിതാവ് ഒരുലക്ഷം രൂപയ്ക്ക് വിറ്റു. കർണാടകയിലെ ഛിക്കബല്ലപുർ ജില്ലയിലാണ് വിൽപ്പന നടന്നത്. സമീപ ഗ്രാമത്തിലെ മക്കളില്ലാത്ത ദമ്പതികൾക്കാണ് കുഞ്ഞിനെ വിറ്റത്. സംഭവം വ്യക്തമായതോടെ പൊലീസും ശിശുക്ഷേമ വകുപ്പും ഇടപെട്ട് കുഞ്ഞിനെ തിരികെയെത്തിച്ചു. കുഞ്ഞിന്റെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവ് ഒളിവിലാണ്. അടുത്ത ഗ്രാമത്തിലെ അൻപത് വയസിന് മുകളിലുള്ള ദമ്പതികൾക്കാണ് കുഞ്ഞിനെ കൈമാറിയത്.
ആഢംബര ജീവിതത്തിനു വേണ്ടിയാണ് കുഞ്ഞിനെ വിറ്റതെന്ന് സൂചന ലഭിച്ചു.
രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. കുട്ടിയുടെ മാതാവ് ഉൾപ്പെടെ നിരവധിപേരെ ചോദ്യം ചെയ്തിരുന്നു. കുഞ്ഞിന്‍റെ പിതാവിന്‍റെ രണ്ടാം വിവാഹത്തിലെ കുട്ടിയെയാണ് വിറ്റത്. ഇയാൾ ധൂർത്തനുമായിരുന്നുവെന്ന് ഗ്രാമവാസികൾ അറിയിച്ചു.
കുഞ്ഞിനെ വിൽപ്പന നടത്തി ലഭിച്ച ഒരുലക്ഷം രൂപയിൽ 50000 രൂപ നൽകി ഇയാൾ ബൈക്ക് വാങ്ങി. 15000 രൂപയുടെ സ്മാർട്ട് ഫോണും വാങ്ങി എന്നാണ് വിവരം. ആശുപത്രിയിൽ വെച്ചു വിൽക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് കുഞ്ഞിനെ വിൽക്കാൻ തയാറാണെന്ന് അറിഞ്ഞ ഒരാൾ ഇടനിലക്കാരനായെത്തി. ഇയാളാണ് അടുത്ത ഗ്രാമമായ മലമച്ചനഹള്ളിയിലെ ദമ്പതികൾക്ക് കുഞ്ഞിനെ കൊടുക്കാനുള്ള ഏർപ്പാടുണ്ടാക്കിയത്. തുടർന്ന് ഒരുലക്ഷം രൂപ വാങ്ങി വിൽപ്പന നടത്തുകയായിരുന്നു.

