വയനാട് പൂക്കളമൊരുക്കാന്‍ പുത്തന്‍ വീടൊരുങ്ങി ;മാധവനിത് നിറവിന്റെ പൊന്നോണം

വയനാട് : കാടിനോട് ചേര്‍ന്ന് കിടക്കുന്ന ഭൂമിയില്‍ ഷീറ്റ് വലിച്ചു കെട്ടിയ ഷെഡില്‍ കാലവര്‍ഷത്തേയും വന്യമൃഗങ്ങളെയും നേരിട്ട് ആറ് വര്‍ഷമായി ദുരിതജീവിതം നയിക്കുകയായിരുന്നു തിരുനെല്ലി പഞ്ചായത്തിലെ ഇരുമ്പുപാലം 3 സെന്റ് കോളനിയിലെ 56 കഴിഞ്ഞ വികലാംഗനായ മാധവനും ഭാര്യ സതിയും. ചികിത്സാ പിഴവിനെ തുടര്‍ന്ന് കാല്‍ നഷ്ട്ടപ്പെട്ട മാധവന്റെ ജീവിതം വഴിമുട്ടിയ നിലയിലായിരുന്നു. 

ബാര്‍ബര്‍ തൊഴിലാളിയായിരുന്ന മാധവന്‍ കെട്ടിട നിര്‍മാണ രംഗത്ത് വന്നപ്പോഴാണ് അപകടത്തില്‍പെട്ട് വലത് കാലിന് പരിക്കേറ്റത്. കുട്ടയിലും, മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരു മാസത്തോളം ചികിത്സ നടത്തി. പിന്നീട് ഒരു വൈദ്യന്റെ അടുത്ത് ചികിത്സ തേടിയതിനു ശേഷം അവസ്ഥ വഷളാവുകയും തുടര്‍ന്ന് കാല്‍ മുറിച്ച് കളയേണ്ടിയും വന്നു. ഇപ്പോള്‍ ഒരു കാലില്ലാത്ത മാധവന്റെ ആശ്രയം ലോട്ടറി കച്ചവടമാണ്. 

പൊളിഞ്ഞു വീഴാറായ, സുരക്ഷിതമല്ലാത്ത ഷെഡില്‍    കഴിഞ്ഞിരുന്ന മാധവന്റെയും ഭാര്യ സതിയുടെയും ജീവിതത്തിന് തന്നെ അര്‍ത്ഥമുണ്ടായത് സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി- ലൈഫ് മിഷനിലൂടെ സ്വന്തമായ സുരക്ഷിത ഭവനം യാഥാര്‍ഥ്യമായപ്പോഴാണ്. അന്തസ്സായ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യമായ സ്വന്തമായൊരു സുരക്ഷിത ഭവനം മാധവന് ചിന്തിക്കാന്‍ കഴിയാത്ത സ്വപ്നമായിരുന്നു. ഈ പൊന്നോണ നിറവില്‍ നിറഞ്ഞ ഓണ സദ്യ ഒരുക്കാനും പൂക്കളമിടാനും സര്‍ക്കാരിന്റെ ലൈഫ്മിഷന്‍ പദ്ധതിയിലൂടെ സാധ്യമായതിന്റെ സന്തോഷത്തിലാണവര്‍. 

വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതിന് ദൈവത്തോടും സര്‍ക്കാരിനോടും മറക്കാത്ത കടപ്പാട് മാധവേട്ടന്‍ നിറകണ്ണുകളോടെ വ്യക്തമാക്കി. ഈ ഓണം പുത്തന്‍ ഭവനത്തില്‍ മാധവേട്ടന്‍ ആഘോഷിക്കുന്നത് ഭരണകൂടത്തിന്റെ ഈ കരുതല്‍ കൂടി ഓര്‍ത്തുകൊണ്ടാണ്.

സുരക്ഷിതവും മാന്യവുമായ ഭവനം എല്ലാ വിഭാഗം ജനങ്ങളുടേയും അടിസ്ഥാന ആവശ്യമാണ്. ഇത് ഉറപ്പാക്കുന്നതിനുള്ള സാഹചര്യമൊരുക്കാനും സഹായം നല്‍കാനും സര്‍ക്കാരിന് പൂര്‍ണ്ണ ഉത്തരവാദിത്വമുണ്ടെന്ന ബോധ്യത്തില്‍ നിന്നാണ് ലൈഫ്- സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ പിറവി. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്‍, ഭവന നിര്‍മ്മാണം ഭാഗികമായി മാത്രം പൂര്‍ത്തിയാക്കി ഭവനരഹിതരായി തുടരുന്നവര്‍, വാസയോഗ്യമല്ലാത്ത വീടുള്ളവര്‍, പുറമ്പോക്കിലോ തീരദേശ മേഖലയിലോ തോട്ടം മേഖലയിലോ താല്‍ക്കാലിക ഭവനമുള്ളവര്‍, ഭൂമിയില്ലാത്ത ഭവന രഹിതര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. 2 ലക്ഷത്തിലധികം വീടുകളാണ് ഇതിനോടകം പൂര്‍ത്തികരിച്ചിട്ടുള്ളത്. 

പാര്‍പ്പിട പദ്ധതി മാത്രമല്ല, സുരക്ഷിത ഭവനത്തോടൊപ്പം ജീവനോപാധികൂടി കൊടുക്കുകയാണ് ലൈഫിലൂടെ ചെയ്യുന്നത്. സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വ്വഹിക്കാന്‍ കഴിയുമ്പോഴും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗമാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പടെ എല്ലാ സാമൂഹികക്ഷേമ പദ്ധതികളുടെയും പ്രയോജനം ലഭിക്കുന്നതിനും ഉതകുന്ന വിധത്തിലുള്ള സമ്പൂര്‍ണ്ണ പദ്ധതിയാണ് ലൈഫ്മിഷന്‍. 

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7490/Life-mission.html

Share
അഭിപ്രായം എഴുതാം