ലക്നൗ: ഉത്തര്‍പ്രദേശില്‍ മകനെ വെടിവച്ചു വീഴ്ത്തിയ ശേഷം വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായ പിതാവ് സ്വയം വെടിവച്ച് മരിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന ബച്ചന്‍ സിങാണ് (65) ജീവനൊടുക്കിയത്. സ്വന്തം വസതിയില്‍ വച്ചാണ് സംഭവം. മകനുമായുള്ള വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഇയാള്‍ മകനെ വെടിവച്ച ശേഷം സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. മകനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബ പ്രശ്നങ്ങളില്‍ അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുകയും കൊലപാതകത്തിലേയ്ക്ക് വഴിവക്കുകയുമായിരുന്നു. വാക്കുതര്‍ക്കത്തിനിടെ ലൈസന്‍സുള്ള റിവോള്‍വര്‍ ഉപയോഗിച്ച് വെടിവക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

