ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജി. ജനങ്ങളില്‍ നിന്നുള്ള ഉത്തരവ് ആത്മവിശ്വാസത്തോടെ നിറവേറ്റാന്‍ തനിക്ക് ഇനി കഴിയണമെന്നില്ല. അതിനാലാണ് പ്രധാനമന്ത്രിപദം ഒഴിയാന്‍ തീരുമാനിച്ചതെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അബെയ്ക്കു ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരു വരും എന്ന കാര്യത്തില്‍ ഇതുവരെ അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ല . ധനമന്ത്രി ടാരോ, അസോ.ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിഡ് സുഗ എന്നിവരുള്‍പ്പെടെയുള്ള പേരുകള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്.
അബെ രാജിവെക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ നേരത്തെ തന്നെ ജപ്പാനിലെ ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അബെ ഈ മാസം മൂന്നു ദിവസത്തെ അവധി നേരത്തെ എടുത്തിരുന്നു. ഓഗസ്റ്റ് 17 ന് ഒരു അപ്രഖ്യാപിത ആശുപത്രി സന്ദര്‍ശനവും അദ്ദേഹം നടത്തിയിരുന്നു. മെഡിക്കല്‍ പരിശോധനയ്ക്കായി ഒരു മണിക്കൂറിലധികമാണ് അബെ അവിടെ ചെലവഴിച്ചത്. അതിനുശേഷമാണ് ആരോഗ്യപരമായ വെല്ലുവിളിയെ പറ്റി പറഞ്ഞ് രാജി സമര്‍പ്പിച്ചത്.



