തൃശൂര്‍ : കൃഷി വകുപ്പിന്റെ ജില്ലയിലെ ഓണസമൃദ്ധി പഴം പച്ചക്കറി വിപണി 2020 ന്റെ ജില്ലാതല ഉദ്ഘാടനം തേക്കിന്‍കാട് മൈതാനം തെക്കേ ഗോപുരനടയില്‍ പ്രത്യേകം സജ്ജീകരിച്ച സ്റ്റാളില്‍ ഗവ. ചീഫ് അഡ്വ കെ രാജന്‍ നിര്‍വ്വഹിച്ചു. പച്ചക്കറിയുടെയും, ചെങ്ങാലിക്കോടന്‍ വാഴക്കുലകളുടെയും ആദ്യവില്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വ്വഹിച്ചു. ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ മാത്യു ഉമ്മന്‍ പദ്ധതി വിശദീകരിച്ചു. ഓണവിപണി ഓഗസ്റ്റ് 30 വരെയാണ് നീണ്ടു നില്‍ക്കുക. ജില്ലയില്‍ കൃഷി വകുപ്പ് 125 ഓണവിപണികളാണ് ഒരുക്കുന്നത്. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍ 10 ശതമാനം അധിക വിലയ്ക്ക് സംഭരിച്ച് 30% വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ഉത്തമ കൃഷിരീതിയിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന ഗ്യാപ്പ് പച്ചക്കറികള്‍ 20 ശതമാനം അധിക വിലയ്ക്ക് സംഭരിച്ച് പൊതുവിപണിയേക്കാള്‍ 10 ശതമാനം വിലക്കുറവില്‍ വില്പന നടത്തും. ജില്ലയിലെ ഭൗമ സൂചിക പദവി നേടിയ ചെങ്ങാലിക്കോടന്‍ വാഴപ്പഴത്തിന് തേക്കിന്‍കാട് മൈതാനിയില്‍ പ്രത്യേക വില്പനകേന്ദ്രം സജ്ജീകരിക്കും. മറയൂര്‍ ശര്‍ക്കര, വട്ടവട കാന്തല്ലൂര്‍ പ്രദേശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ശീതകാല പച്ചക്കറികള്‍ എന്നിവയും ഈ കേന്ദ്രങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കും. ഗുരുവായൂര്‍, മണ്ണുത്തി, ഇരിഞ്ഞാലക്കുട എന്നീ കേന്ദ്രങ്ങളില്‍ പച്ചക്കറികള്‍ സംഭരിച്ച് 125 പ്രാദേശിക കേന്ദ്രങ്ങളിലൂടെ ഓണ വിപണിയില്‍ എത്തിക്കും. കോവിഡ് വ്യാപനത്തിനെതിരെ മുന്‍കരുതല്‍ എടുത്താണ് വില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. സാമൂഹിക അകലം പാലിച്ചും, മാസ്‌ക്, ഷീല്‍ഡ്, ഗ്ലോവ്‌സ്, സാനിടൈസര്‍ തുടങ്ങിയവ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജനത്തിരക്ക് ഒഴിവാക്കാന്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്യുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മിനി കെ എസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ നരേന്ദ്രന്‍ വി ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7443/Onam-market.html