കേന്ദ്രസര്‍ക്കാരിനെതിരേ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍: നീറ്റ്, ജെഇഇ പ്രവേശന പരീക്ഷ സംസ്ഥാനങ്ങള്‍ സുപ്രിംകോടതയിലേക്ക്

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ ജിഎസ്ടി നഷ്ടപരിഹാരം നല്‍കാത്ത കേന്ദ്രസര്‍ക്കാരിനെതിരേ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ യോഗം ചേര്‍ന്നു. രോഗ ഭീതിക്കിടയിലും നീറ്റ്, ജെഇഇ പരീക്ഷകളുമായി കേന്ദ്രം മുമ്പോട്ട് പോകുന്ന നടപടിയും യോഗത്തില്‍ ചര്‍ച്ചയായി.

തുടര്‍ന്ന് നീറ്റ്, ജെഇഇ പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനമായി. പുനഃപരിശോധന ഹര്‍ജി നല്‍കാനാണ് തീരുമാനം. ഹര്‍ജി തയ്യാറാക്കാനായി പഞ്ചാബ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് രൂക്ഷവിമര്‍ശനം ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും പരീക്ഷയ്ക്ക് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നു സമ്മര്‍ദ്ദം ഉണ്ടാകുന്നെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി,ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി,പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, മഹാരാഷ്ട്ര മു്ഖ്യമന്ത്രി ഉദ്ദവ് താക്കറെ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. രാഷ്ട്രീയ വിയോജിപ്പുള്ള സംസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്ന രീതിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നു മമത യോഗത്തില്‍ പറഞ്ഞു.

ജിഎസ്ടി വിഷയത്തില്‍ യോജിച്ച് പ്രധാനമന്ത്രിയെ കാണണമെന്നും അവര്‍ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനും ഇതിനോടു യോജിച്ചു. പഞ്ചാബിന് ഈ വര്‍ഷം 25,000 കോടി വരുമാന നഷ്ടമുണ്ടാകുമെന്ന് അമരീന്ദര്‍ പറഞ്ഞു. കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കുന്നതില്‍ വിമുഖത കാണിക്കുകയാണെന്ന് ഹേമന്ദ് സോറന്‍ പറഞ്ഞു. കേന്ദ്രത്തെ ഭയക്കണോ ചെറുക്കണോ എന്ന് തീരുമാനിക്കാന്‍ സമയമായെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ നിലപാട്.ആംആദ്മി പാര്‍ട്ടിയെ യോഗത്തിനു ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല.

Share
അഭിപ്രായം എഴുതാം