തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തീപിടിത്തം ഉണ്ടായ വിവരം ചീഫ് സെക്രട്ടറി അറിഞ്ഞ് എത്തിച്ചേരുന്നതിനു മുമ്പുതന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ സംഭവസ്ഥലത്ത് എത്തിയതിനെപറ്റി അന്വേഷണം നടത്തുവാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അത്ര വേഗം കെ സുരേന്ദ്രൻ അവിടെ എത്തിച്ചേർന്നത് സംശയകരമാണ്.
ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലാണ് സംഭവമറിഞ്ഞ് സെക്രട്ടറിയേറ്റിൽ എത്തിയത് എന്ന് കെ സുരേന്ദ്രൻ വിശദീകരിച്ചു. ഗേറ്റിൽ ആരും തടഞ്ഞില്ല, തുറന്നു കിടക്കുകയായിരുന്നു. ഇക്കാര്യത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അതേപ്പറ്റി അന്വേഷിക്കാവുന്നതാണ്. തന്നെ പറ്റി എന്ത് അന്വേഷണം വേണമെങ്കിലും നടക്കട്ടെ എന്നും സുരേന്ദ്രൻ പറഞ്ഞു.
മന്ത്രിസഭാ തീരുമാനത്തെ തുടർന്ന് പോലീസ് കെ. സുരേന്ദ്രനെതിരെ കേസെടുത്തു. സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ചതിന് വിഎസ് ശിവകുമാർ എംഎൽഎക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആകെ 54 പേരെ പ്രതികളാക്കിട്ടുണ്ട്.