ന്യൂഡൽഹി: ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരായ രണ്ടാം കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്നതിൽ നിന്നും പിന്മാറി.
സുപ്രീംകോടതിയിലെ മുൻ ചീഫ് ജസ്റ്റീസുമാരിൽ പലരും അഴിമതിക്കാരാണെന്ന പ്രശാന്ത് ഭൂഷന്റെ പ്രസ്താവനയാണ് കോടതിയലക്ഷ്യ കേസിന് കാരണമായത്. 2009-ൽ തെഹൽക മാസികയ്ക്ക് നൽകിയ അഭിമുഖമാണ് കേസിലേക്ക് നയിച്ചത്.
വിശദമായി പരിഗണിക്കേണ്ടതിനാൽ ഈ കേസിൽ നിന്നും പിൻമാറുകയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. സെപ്റ്റംബർ രണ്ടിന് താൻ വിരമിക്കുകയായതിനാൽ കേസിൽ നിന്ന് പിൻമാറുകയാണെന്ന് അരുൺ മിശ്ര അറിയിച്ചു. കേസ് പരിഗണിക്കേണ്ടുന്ന പുതിയ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്നും കേസ് സെപ്റ്റംബർ 10ന് മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്നും കോടതി അറിയിച്ചു. കേസിൽ ഇന്ന് വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
മറ്റൊരു കോടതിയലക്ഷ്യ കേസും പ്രശാന്ത് ഭൂഷനെതിരേ നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ ജൂണ്‍ 27, 29 തീയതികളിൽ ട്വിറ്ററിലൂടെ ചീഫ് ജസ്റ്റീസിനെയും സുപ്രീംകോടതിയെയും വിമർശിച്ചതിനെതിരേയാണ് നിയമ നടപടി.

