മുംബൈ: മുംബൈയില്‍ നിന്ന് കാണാതായ ഒറംഗുട്ടാന്‍ കുഞ്ഞിനെ കണ്ടെത്താന്‍ സഹായിക്കുന്ന ആളുകള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മൃഗസംരക്ഷണ ഗ്രൂപ്പായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് (പെറ്റ)യാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. അനധികൃതമായി രാജ്യത്തേക്ക് കടത്തിയ ഒറംഗുട്ടാന്‍ കുഞ്ഞിനെ കണ്ടെത്താനാണ് സംഘടനയുടെ ശ്രമം.
വിവരങ്ങള്‍ +91 9820122602 എന്ന നമ്പറിലോ പേറ്റ ഇന്ത്യയുടെ അനിമല്‍ എമര്‍ജന്‍സി ഹെല്‍പ്പ്‌ലൈനുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര വനം വകുപ്പും പെറ്റ ഇന്ത്യയും നടത്തിയ അന്വേഷണത്തില്‍ ഒറംഗുട്ടാനെ അവസാനമായി കണ്ടത് മുംബൈയിലെ അഗ്രിപഡയിലുള്ള ഒരാളുടെ വീട്ടിലാണ്. നേരത്തെ ഇതിനെ കിട്ടിയ ബാന്ദ്രയിലെ മറ്റൊരു കുടുംബം അതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് അനുമതിയില്ലാതെ ഒറംഗുട്ടാനെ വിദേശത്ത് നിന്ന് കൊണ്ടുവന്നതായി വ്യക്തമായത്.