റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓണാഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം; ജില്ലാ കളക്ടര്‍

August 25, 2020 - 5:20 pm

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ആഘോഷങ്ങള്‍ക്കായി ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ ഉപയോഗിക്കരുത്. ഓഫീസുകളിലും പ്രാദേശിക തലത്തിലുമുള്ള ആഘോഷങ്ങള്‍ കര്‍ശനമായി ഒഴിവാക്കണം. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും സൗഹൃദ സന്ദര്‍ശനം ഒഴിവാക്കണം. കാറില്‍ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത്. ഓട്ടോറിക്ഷയില്‍ പരമാവധി മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം.

ഒരേ സമയം പ്രവേശിക്കാന്‍ കഴിയുന്നവരുടെ എണ്ണം കച്ചവട സ്ഥാപനങ്ങള്‍ പ്രദര്‍ശിപ്പിക്കണം. കടയുടമ കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ നിര്‍ബന്ധമായും  രജിസ്റ്റര്‍ ചെയ്യുകയും കടയില്‍ എത്തുന്നവരുടെ വിവരം പോര്‍ട്ടലില്‍ നല്‍കുകയും വേണം. ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് കടകളില്‍ ടോക്കണ്‍ സൗകര്യം ഏര്‍പ്പെടുത്താവുന്നതാണ്. എ.സി കഴിവതും ഒഴിവാക്കണം. എ.സി മുറികളില്‍ നില്‍ക്കുന്നവര്‍ 15 മിനുട്ടില്‍ കൂടുതല്‍ അവിടെ ചെലവഴിക്കരുത്. ലിഫ്റ്റ്, ഇടനാഴി എന്നിവിടങ്ങളില്‍ തിരക്ക് ഉണ്ടാകാതെ ശ്രദ്ധിക്കണം. ക്യു സംവിധാനം കര്‍ശനമായി പാലിക്കണം. സാമൂഹിക അകലം പാലിക്കുന്നതിനായി തറയില്‍ അടയാളപെടുത്തണം. കച്ചവടസ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും മാസ്‌ക്, ഫേസ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. വസ്ത്രശാലകള്‍, ആഭരണശാലകള്‍ എന്നിവിടങ്ങളില്‍ ട്രയല്‍ സംവിധാനം കര്‍ശനമായി നിരോധിക്കണം. ഇത് സംബന്ധിച്ചുള്ള നോട്ടീസ് കടകളില്‍ പ്രദര്‍ശിപ്പിക്കണം. ബില്ലിംഗ് സെക്ഷനില്‍ തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ കൗണ്ടര്‍ ഏര്‍പ്പെടുത്തണം. പണമിടപാടുകള്‍ കൂടുതലും ഓണ്‍ലൈന്‍ വഴിയാക്കണം. വഴിയോര കച്ചവടക്കാര്‍ അകലം പാലിച്ചാണ് കച്ചവടം നടത്തുന്നതെന്ന് അതാത് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ ഉറപ്പാക്കണം. പൊതു മാര്‍ക്കറ്റുകളിലെ പ്രവേശനവും നിര്‍ഗമനവും പോലീസ് നിശ്ചയിച്ചു നല്‍കുമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7357/Onam-Celebration-at-home.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *