പ്രേമത്തിന് ശേഷം അന്‍വര്‍ റഷീദ്, അല്‍ഫോന്‍സ് പുത്രന്‍ വീണ്ടും

കൊച്ചി: പ്രേമ’ത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രനും അന്‍വര്‍ റഷീദും വീണ്ടും ഒന്നിക്കുന്നു. തന്റെ മൂന്നു ചിത്രങ്ങളുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് അന്‍വര്‍ റഷീദ് പറയുന്നു. അതില്‍ ഒരു സിനിമ സംവിധാനം ചെയ്യും. മറ്റ് രണ്ട് സിനിമകള്‍ നിര്‍മ്മിക്കും.

അല്‍ഫോണ്‍സ് പുത്രന്‍, അന്‍വര്‍ റഷീദ് എന്നിവരുടെ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ചിത്രമായ ‘പ്രേമം’ ഒരു ട്രെന്‍ഡ് സെറ്ററായി മാറുകയായിരുന്നു.
ബോക്‌സ് ഓഫീസില്‍ ഗംഭീര കളക്ഷനും നേടി. ഈ കൂട്ട്‌കെട്ട് വീണ്ടും ഒന്നിക്കുകയാണെന്ന് അന്‍വര്‍ റഷീദാണ് വ്യക്തമാക്കിയത്. തമിഴ് ചിത്രത്തിനാണ് അന്‍വര്‍ റഷീദ് സംവിധാനം നിര്‍വഹിക്കുന്നത്. ‘കത്തി’ എന്ന തമിഴ് ചിത്രത്തിലെ ലീഡ് ആക്ടറായ അര്‍ജുന്‍ ദാസായിരിക്കും ഈ ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത് മലയാള സംവിധായകനായ മിഥുന്‍ മാനുവല്‍ തോമാസാണെന്നും അന്‍വര്‍ റഷീദ് പറഞ്ഞു.

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു ചിത്രവും യൂട്യൂബിലൂടെ ഹിറ്റായ അംബുജി സംവിധാനം നിര്‍വഹിച്ച ‘ഒതളങ്ങ തുരുത്ത്’ എന്ന വെബ് സീരീസും അന്‍വര്‍ റഷീദ് നിര്‍മിക്കും. അല്‍ഫോണ്‍സ് സംവിധാനം നിര്‍വഹിക്കുന്ന സിനിമയെക്കുറിച്ചോ അതിലെ അഭിനേതാക്കളെക്കുറിച്ചോ ഒന്നും പറയാറായിട്ടില്ല എന്നും അല്‍ഫോണ്‍സ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ രസകരമായ ത്രെഡാണ് ഈ ചിത്രത്തിന്റേത് എന്ന് അദ്ദേഹം പറയുന്നു. ഈ മൂന്ന് ചിത്രങ്ങളും തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →