യൂറോപ്പിലെ ഫുട്ബാൾ രാജാക്കൻമാരെ ഇന്നറിയാം

ലിസ്‌ബണ്‍: യൂറോപ്പിലെ ഫുട്ബാൾ രാജാക്കൻമാരാരെന്നു നിർണയിക്കുന്ന ചാമ്പ്യൻസ് ലീഗിന്റെ കലാശപ്പോര് ഇന്ന്. ലിസ്‌ബണിലെ എസ്‌റ്റാഡിയോ ഡാ ലൂസ്‌ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ ഫ്രഞ്ച്‌ ക്ലബ്‌ പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌ന്‍ ജര്‍മന്‍ വമ്ബനായ ബയേണ്‍ മ്യൂണിക്കിനെ നേരിടും.

ചാമ്ബ്യന്‍സ്‌ ലീഗില്‍ എട്ടു തവണയാണു ബയേണും പി.എസ്‌.ജിയും കൊമ്പുകോർത്തത്. ഇവയെല്ലാം ഗ്രൂപ്പ്‌ മത്സരങ്ങളായിരുന്നു. എട്ടില്‍ അഞ്ചും പാരീസാണ് ജയിച്ചത്. ഇരുവരും അവസാനം ഏറ്റുമുട്ടിയത് 2017 ലെ ഗ്രൂപ്പ്‌ മത്സരത്തിലാണ്‌ . അന്ന്‌ ഒന്നാംപാദത്തില്‍ ബയേണ്‍ 3-1 നും രണ്ടാംപാദത്തില്‍ പി.എസ്‌.ജി. 3-0 നും ജയിച്ചു.

യുവേഫ റാങ്കില്‍ ഏഴാം സ്‌ഥാനക്കാരായ പി.എസ്‌.ജിക്ക്‌ ചാമ്ബ്യന്‍സ്‌ ലീഗ്‌ ഫൈനല്‍ ആദ്യ അനുഭവമാണ്.

മൗറേന്‍ ഇക്കാഡിയും കിലിയന്‍ എംബാപ്പെയുമാണ് പാരീസിന്റെ പ്രധാന തുറപ്പുചീട്ടുകള്‍. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മറിന്റെ സാന്നിധ്യവും പാരീസ്‌ ക്ലബിനു കരുത്താണ്‌. നെയ്‌മറിനെയും എംബാപ്പെയും മുന്‍നിര്‍ത്തിയുള്ള സ്‌റ്റാര്‍ട്ടിങ്‌ ഇലവനെയാണു കോച്ച്‌ തോമാസ്‌ ടുചല്‍ ഫൈനലില്‍ കളത്തിലിറക്കുക.

ലയണല്‍ മെസിയുടെ ബാഴ്‌സലോണയെ 8-2 നു തോല്‍പ്പിച്ച ഹാൻസി ഫ്ലിക്കിന്റെ ബയേൺ ആരാധകരിൽ ആവേശം നിറച്ചാണ് ഫൈനലിൽ എത്തുന്നത്. ചാമ്പ്യൻസ് ലീഗിൽ ആറാം കിരീടമാണ് അവർ ലക്ഷ്യമിടുന്നത്‌. യുവേഫ റാങ്കിങ്ങില്‍ രണ്ടാം സ്‌ഥാനക്കാരായ അവര്‍ 2012-13 സീസണിലാണ്‌ അവസാനം കിരീടത്തില്‍ മുത്തമിട്ടത്‌.

റോബര്‍ട്ട്‌ ലെവന്‍ഡോസ്‌കി ഇന്ന്‌ ഹാട്രിക്കടിച്ചാല്‍ അദ്ദേഹത്തിന് ചാമ്ബ്യന്‍സ്‌ ലീഗിലെ ടോപ്‌ സ്‌കോററാകാം. 15 ഗോളുകളാണ്‌ ഇതുവരെ അടിച്ചിട്ടത്‌. നിലവില്‍ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമാണ്‌.
സീസണില്‍ എല്ലാ മത്സരങ്ങളിലുമായി 55 ഗോളുകളടിക്കാനും ഈ പോളണ്ട്‌ താരത്തിനായി. ലിയോണിനെതിരേ സെര്‍ജി നാബ്രിയും ലെവന്‍ഡോസ്‌കിയും ഗോളടിച്ചതോടെ യൂറോപ്പിലെ ഏറ്റവും മികച്ച ആക്രമണ ജോഡിയാകാന്‍ അവര്‍ക്കായിരുന്നു. ലീഗ്‌ സീസണില്‍ ഇതുവരെ ഇരുവരും ചേര്‍ന്ന്‌ 24 ഗോളുകളടിച്ചു. ലെവന്‍ഡോവ്‌സ്കിയും നാബ്രിയും നയിക്കുന്ന മുന്നേറ്റ നിരയ്‌ക്കു തിയാഗോ, വെറ്ററന്‍ താരം തോമസ്‌ മുള്ളര്‍, മരിയോ ഗോരെറ്റ്‌സ്ക എന്നിവരുടെ പിന്തുണയുണ്ടാകും. നായകന്‍ കൂടിയായ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറുടെ സാന്നിധ്യവും ബയേണിന്റെ ശക്‌തിയാണ്‌.

സോണി ടെന്‍ 2, സോണി ടെന്‍ 2 എച്ച്‌.ഡി ചാനലുകൾ മത്സരം സംപ്രേഷണം ചെയ്യും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സോണി ലൈവിലും ഫൈനല്‍ തത്സമയം ആസ്വദിക്കാം. മുഴുവന്‍ സമയത്തും 30 മിനിറ്റ്‌ നീളുന്ന അധിക സമയത്തും സമനില തുടര്‍ന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീളും. ഷൂട്ടൗട്ടിൽ അഞ്ച്‌ കിക്കുകളാണ്‌ ഓരോ ക്ലബിനും അനുവദിക്കുക.

അവിടെയും സമനിലയാണെങ്കില്‍ മത്സരം സഡന്‍ ഡെത്തിലേക്കു നീങ്ങും.

Share
അഭിപ്രായം എഴുതാം