ഇസ്രായേല്‍: ഇസ്രയേലില്‍ 16 കാരിയെ 30 പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്‌ത സംഭവം മാനവ രാശിയോടുളള ക്രൂരതയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിലെ തീരദേശ നഗരമായ എയ്‌ലെറ്റിലെ ഒരു റിസോര്‍ട്ടിലാണ് മാനവരാശിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. സംഭവം തന്നെ ഞെട്ടിച്ചുവെന്നും കുറ്റകൃത്യം ചെയ്‌തവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും നെതന്യാഹു പറഞ്ഞു.
സുഹൃത്തുക്കള്‍ക്കൊപ്പം റിസോര്‍ട്ടിലെത്തിയ 16 കാരിയായ പെണ്‍കുട്ടിയെ അക്രമികള്‍ ബലമായി ഒരു മുറിയിലേക്ക് പിടിച്ചുകൊണ്ടുപോകുകയും ലഹരിമരുന്നുനല്‍കി പീഡിപ്പിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. പീഡന ദൃശ്യങ്ങള്‍ ഫോണുകളില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുംചെയ്‌തു. ചിലര്‍ തന്നെ അധിക്ഷേപിക്കുന്നതായും എന്നാല്‍ താന്‍ നേരിട്ട ക്രൂരതയെന്തെന്ന് അറിയാതെയാണ് അവര്‍ ഈ കൃത്യം ചെയ്യുന്നതെന്നും പെണ്‍കുട്ടി പ്രതികരിച്ചു.
പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്‌തു. 20 നും 30നും ഇടയില്‍ പ്രായമുളളവരാണ്. ഇവരില്‍ ഒരാളുടെ ഫോണില്‍ നിന്നും പീഡന ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുക്കുകയുണ്ടായി. മറ്റു പ്രതികളെ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. അറസ്റ്റ് നടന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധം അലയടിക്കുകയാണ് . ജറുശലേം ഉള്‍പ്പടെയുളള നഗരങ്ങളില്‍ യുവജന സംഘടനകള്‍ ശക്തമായ സമരങ്ങളിലേക്ക് നീങ്ങുകയാണ്. ടെല്‍ അവീവ് ഉള്‍പ്പടെ 30 ലധികം സ്ഥലങ്ങളില്‍ പെണ്‍കുട്ടിക്ക് പന്‍തുണയുമായ ജനങ്ങള്‍ തെരുവിലിറങ്ങി. തനിക്കുലഭിക്കുന്ന പിന്‍തുണ കൂടുതല്‍ ശക്തി നല്‍കുന്നുവെന്ന് പെണ്‍കുട്ടി പ്രതികരിച്ചു.
ഇസ്രയേലില്‍ സ്‌ത്രീകളോടുളള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായും അഞ്ചില്‍ ഒരു സ്‌ത്രീവീതം ബലാല്‍സംഗ ത്തിനിരയാവുന്നുണ്ടെന്നും വനിതാ ആക്ടിവിസ്‌റ്റ് ഇലാന വെയ്‌സ്‌മാന്‍ പറഞ്ഞു. സ്‌ത്രീകള്‍ക്കെതിരായ ആക്രമണം സംബന്ധിച്ചുളള 260 കേസുകളാണ് ഓരോദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ഇലാന പറഞ്ഞു.

