തിരുവനന്തപുരം: 2020-21 അക്കാദമിക് വര്‍ഷം സിലബസില്‍ യാതൊരു വിധത്തിലുള്ള കുറവും വരുത്തേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ ഓണ്‍ലൈന്‍ യോഗം തീരുമാനിച്ചു. നിലവിലെ ഡിജിറ്റല്‍ ക്ലാസുകള്‍ കൂടുതല്‍ ഫലപ്രദവും ആകര്‍ഷകവുമായി നടത്താനും യോഗത്തില്‍ തീരുമാനമായി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനമനുസരിച്ച് കഴിയുന്നത്ര വേഗം സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. കോവിഡ് 19 കാലത്തെ ഡിജിറ്റല്‍ പഠനത്തില്‍ കേരളം ലോകത്തിന് മാതൃകയാണെന്നും ഇതില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്താണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഈ പ്രതികൂല സാഹചര്യത്തില്‍ വിവിധ ഏജന്‍സികളെ കൂട്ടിയോജിപ്പിച്ച് ഡിജിറ്റല്‍ ക്ലാസുകള്‍ ഒരുക്കാന്‍ കഴിഞ്ഞു. ഇതിന് നേതൃത്വം നല്‍കുന്ന വിവിധ ഏജന്‍സികളെ യോഗം അഭിനന്ദിച്ചു. സ്‌കൂള്‍ തുറക്കുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കണമെന്നും അതിന് കഴിയുന്നില്ലെങ്കില്‍ 10, 12 ക്ലാസുകളിലെങ്കിലും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ കലാകായിക വിദ്യാഭ്യാസംകൂടി ഉള്‍പ്പെടുത്തും, ഭിന്നശേഷി വിഭാഗം കുട്ടികള്‍, ട്രൈബല്‍ മേഖലയിലെ കുട്ടികള്‍ എന്നിവരുടെ പഠനത്തിന് കൂടുതല്‍ പരിഗണന നല്‍കും. കുട്ടികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, കൗണ്‍സലിംഗ് വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തി കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. ഡിജിറ്റല്‍ ക്ലാസുകളുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ഓണ്‍ലൈന്‍ പരിശീലനം നല്‍കാനും തീരുമാനമായി.
കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് കോവിഡ് കാലത്തെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രരചന നടത്തുന്നതിനുള്ള നേര്‍ക്കാഴ്ച എന്ന പദ്ധതിക്ക് ഈ ഓണക്കാലത്ത് തുടക്കം കുറിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കോവിഡ് കാലത്തെ തുടര്‍പഠനത്തിനുള്ള പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുന്നതിനായി ഒരു വിദഗ്ധ സമിതി രൂപീകരിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ.പ്രസാദിനെ യോഗം ചുമതലപ്പെടുത്തി. കോവിഡ് 19 കാലത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ യൂണിസെഫ് അഭിനന്ദിച്ച വിവരം പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍ യോഗത്തെ അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു.കെ, സമഗ്രശിക്ഷാ ഡയറക്ടര്‍ ഡോ.എ.പി.കുട്ടിക്കൃഷ്ണന്‍, കൈറ്റ് സി.ഇ.ഒ. അന്‍വര്‍ സാദത്ത്, എസ്.ഐ.റ്റി. ഡയറക്ടര്‍ ബി.അബുരാജ്, കെ.സി.ഹരികൃഷ്ണന്‍, എന്‍.ശ്രീകുമാര്‍, പ്രദീപ്.സി, സി.പി.ചെറിയമുഹമ്മദ്, ഡോ.സി.വി.കൃഷ്ണന്‍, ഡോ.ആര്‍.ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7234/covid-19-school-syllabus-meeting-.html