പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഓണക്കോടി ഓണക്കിറ്റ് വിതരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വ്യാഴാഴ്ച (ആഗസ്റ്റ് 20 )

തിരുവനന്തപുരം : പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക്  ഓണക്കിറ്റും 60  വയസ് കഴിഞ്ഞ പട്ടികവര്‍ഗക്കാര്‍ക്ക് ഓണക്കോടിയും നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍  വ്യാഴാഴ്ച (ആഗസ്റ്റ് 20 ) വൈകിട്ട് നാലു മണിക്ക് ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കും.

സംസ്ഥാനത്തെ 162382  പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റുകള്‍ വിതരണം ചെയ്യുന്നത്. അരി(15 കിലോ), ചെറുപയര്‍(500 ഗ്രാം), പഞ്ചസാര(500  ഗ്രാം), മുളകുപൊടി(200 ഗ്രാം), ശര്‍ക്കര(500 ഗ്രാം), വെളിച്ചെണ്ണ(500 ഗ്രാം), ഉപ്പുപൊടി(ഒരു കിലോ), തുവര പരിപ്പ്(250  ഗ്രാം), തേയില(200  ഗ്രാം) എന്നിങ്ങനെ ഒന്‍പതിനം  ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യുന്നത്. 140436088 രൂപയാണ് ഇതിനായി പട്ടികവര്‍ഗ  വികസന വകുപ്പിന്റെ ഭക്ഷ്യസഹായ പദ്ധതിയില്‍ നിന്ന് ചെലവഴിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 2629  പേര്‍ക്ക് ഇക്കൊല്ലം അധികമായി ഓണക്കിറ്റ് നല്‍കുന്നുണ്ട്. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍  മുഖേനയാണ് ഇവ വിതരണം ചെയ്യുന്നത്.

60  വയസ്സിനു മേല്‍ പ്രായമുള്ള 63224  പട്ടികവര്‍ഗക്കാര്‍ക്കാണ് ഓണക്കോടി നല്‍കുന്നത്. 27640 പുരുഷന്മാർക്കും 35584 സ്ത്രീകള്‍ക്കുമാണ്  ഓണക്കോടി നല്‍കുന്നത്. പുരുഷന്മാർക്ക് ഒരിഞ്ചു കരയുള്ള ഡബിള്‍ മുണ്ട്, വെള്ള തോര്‍ത്ത് എന്നിവയും സ്ത്രീകള്‍ക്ക് ഒരിഞ്ചു കരയുള്ള സിംഗിള്‍ സെറ്റ് മുണ്ടും ആണ് വിതരണം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 58103388  രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2220  പേര്‍ക്ക് ഈ വര്‍ഷം അധികമായി ഓണക്കോടി നല്‍കുന്നുണ്ട്. ഹാന്‍ടെക്‌സ് മുഖേനയാണ് ഇവ വിതരണം ചെയ്യുന്നത്.

പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കവിഭാഗ വികസന നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററി കാര്യ മന്ത്രി എ. കെ. ബാലന്‍ അധ്യക്ഷനാകും. പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത്കുമാര്‍ സ്വാഗതവും പട്ടികവര്‍ഗ വികസന ഡയറക്ടര്‍ പി. പുകഴേന്തി നന്ദിയും പറയും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7235/onam-kodi-for–sc-st-senior-citizen-inauguration-.html

Share
അഭിപ്രായം എഴുതാം