ന്യൂ ഡെൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) കീഴിലുള്ള തിരുവനന്തപുരം, ജയ്പൂർ, ഗുവാഹത്തി എന്നീ മൂന്ന് വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ (പിപിപി) വികസിപ്പിക്കാനുള്ള നിർദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ ആഗോള മത്സര ബിഡ്ഡിംഗിൽ വിജയിച്ച അദാനി എന്റർപ്രൈസസ് ലിമിറ്റഡിന് മൂന്ന് വിമാനത്താവളങ്ങളുടെയും നടത്തിപ്പ്, മാനേജ്മെന്റ്, വികസനം എന്നീ കാര്യങ്ങൾക്കായി അമ്പത് വർഷം നൽകാനാണ് കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയത്.
പൊതുമേഖലയിൽ ആവശ്യമായ നിക്ഷേപം കൊണ്ടുവരുന്നതിനൊപ്പം, മെച്ചപ്പെട്ട സേവനം, വൈദഗ്ദ്ധ്യം, സംരംഭകത്വം, പ്രൊഫഷണലിസം എന്നിവയ്ക്കും തീരുമാനം വഴിയൊരുക്കും.
ദില്ലി, മുംബൈ വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ സർക്കാർ ഒരു പത്ത് വർഷം മുമ്പ് പാട്ടത്തിന് നൽകിയിരുന്നു. വരുമാനം വർദ്ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ വിമാനത്താവളങ്ങളും വ്യോമയാന അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഇത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ സഹായിച്ചു.
പിപിപി പങ്കാളികളിൽ നിന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ലഭിച്ച വരുമാനം ടയർ -2, ടയർ -3 നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും വിമാനത്താവളങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും സഹായകമായിട്ടുണ്ട്. എയർപോർട്സ് കൌൺസിൽ ഇന്റർനാഷനലിന്റെ കണക്കു പ്രകാരം എയർപോർട്ട് സർവീസ് ക്വാളിറ്റിയിൽ ഇന്ത്യയിലെ പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള വിമാനത്താവളങ്ങൾ അതത് വിഭാഗങ്ങളിൽ ആദ്യ 5 സ്ഥാനങ്ങളിൽ എത്തിയിരുന്നു.
ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1646997