ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയെങ്കിലും ഫ്രഞ്ച് ടീമായ പി.എസ്.ജിയുടെ ആരാധകർ വല്ലാത്ത ആശങ്കയിലാണ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച സൂപ്പർ താരത്തിന് എട്ടിന്റെ പണി കിട്ടുമോ എന്നതാണ് പ്രശ്നം .
സെമിയിൽ ജയിച്ചയുടൻ നെയ്മർ ജഴ്സിയൂരി ആർ.ബി.ലീപ്സിങിന്റെ പ്രതിരോധ താരം ഹാസൻ ബർഗിനു കൈമാറിയിരുന്നു. പരസ്പരം ജഴ്സി കൈമാറുന്നത് കോവിഡില്ലാത്ത കാലത്ത് ഒരു കുറ്റമായിരുന്നില്ല . എന്നാൽ ഈ കോവിഡ് കാലത്ത് അതൊരു കുറ്റമാണ്.
മൽസരത്തിൽ കാണികളെ വിലക്കിയതുപോലെ സംഘാടകരായ യുവേഫ മറ്റു പലതും വിലക്കിയിരുന്നു. അതിനായി 31 പേജുള്ള ഒരു ഗെയ്സ് തന്നെ അവർ പുറത്തിറക്കിയിരുന്നു. അതിലൊരിടത്ത് വളരെ വ്യക്തമായി ജെഴ്സി കൈമാറരുത് എന്നും എഴുതി വച്ചിട്ടുണ്ട്. വിലക്ക് ലംഘിച്ച നെയ്മറിനുള്ള ശിക്ഷ എന്തായിരിക്കുമെന്ന് വ്യക്തമല്ല. 21 ന് നടക്കുന്ന ഫൈനലിൽ താരത്തിന് കളിക്കാനാകുമോ എന്ന നെഞ്ചിടിപ്പിലാണ് എന്തായാലും പി.എസ്.ജിആരാധകർ.
ഫൈനലിൽ കരുത്തരായ ബയേൺ മ്യൂണിക് ആണ് പി.എസ്.ജിയുടെ എതിരാളികൾ.