കൊച്ചി: ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ആരാധികയാണ് ബേബി നയൻതാര. വേരിലെ ബേബി നീക്കം ചെയ്ത് പുതിയ ചിത്രത്തിൽ നയൻതാര ചക്രവർത്തി എന്ന പേരിൽ നായികയായി രംഗപ്രവേശം ചെയ്യുകയാണ് ഈ കൊച്ചു നയൻതാര
ആഹാ നീയാണല്ലേ എന്റെ പേര് മോഷ്ടിച്ചത്… എന്നായിരുന്നു ആദ്യം കണ്ട പാടെ ചേച്ചി ചോദിച്ചത്. കുസേലൻ എന്ന തമിഴ് ചിത്രത്തിൽ നയൻതാര ചേച്ചിക്കും രജനി സാറിനുമൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് നയൻതാര ചക്രവർത്തി പറയുന്നു. അന്നേ നയൻതാര ചേച്ചിയെ ഒരു പാട് ഇഷ്ടമായിരുന്നു. ഭയങ്കര സ്നേഹമായിരുന്നു എന്നോട് ചേച്ചിക്ക്. ബേബി നയൻതാര ആ ഓർമകൾ പങ്കുവെക്കുകയാണ് ഒരു അഭിമുഖത്തിൽ.
ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലായിരുന്നു ഷൂട്ട്. മഴയുള്ള സീനായിരുന്നു. നനഞ്ഞ് കഴിഞ്ഞാൽ നയൻതാര ചേച്ചി തോർത്തി തരും. എപ്പോഴും എടുത്ത് കൊണ്ട് നടക്കുമായിരുന്നു.
എന്റെ പേരിന് പിന്നിൽ അങ്ങനെ കഥകളൊന്നുമില്ല. വീട്ടുകാർ കഷ്ടപ്പെട്ട് കണ്ടുപിടിച്ച പേര് തന്നെയാണ് ഇത്. പലർക്കും സംശയമാണ് ഇതെന്റെ യഥാർഥ പേരാണോ എന്ന്. അതേ ഇതെന്റെ യഥാർഥ പേര് തന്നെയാണ്. സിനിമയ്ക്കായി പേര് മാറ്റിയിട്ടില്ല. ഇനി മാറ്റാനും പോവുന്നില്ല. വിക്കിപീഡിയ ആയാലും എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലായാലും നയൻതാര ചക്രവർത്തി എന്നാണ് പേര്. അതുകൊണ്ട് പ്രശ്നമില്ല. പിന്നെ നയൻതാര ചേച്ചിയെ പോലെ വലിയൊരു അഭിനേത്രിയുടെ പേര് എനിക്കുള്ളത് ഒരു അഭിമാനമാണ്. നയൻതാരയോടുള്ള സ്നേഹം മറച്ചുവെക്കുന്നില്ല ബേബി നയൻതാര
കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിൽ ബാലതാരമായാണു നയൻതാര വെള്ളിത്തിരയിലെത്തിയത്. മലയാളത്തിനു പുറമെ തമിഴിലും ബേബി നയൻതാര അഭിനയിച്ചിരുന്നു. ഒരിടവേളയ്ക്കു ശേഷം നയൻതാര ശക്തമായൊരു തിരിച്ചുവരവിനു വേണ്ടി ഒരുങ്ങുകയാണിപ്പോൾ. അതും നായിക വേഷത്തിൽ

