പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ കൊറോണ വ്യാപനം രൂക്ഷമായതോടെ ജയിലിൽ നിന്നുള്ള ചപ്പാത്തിയും ചിക്കൻ കറിയും ഉൽപ്പാദനം നിർത്തിവെച്ചു. ആഗസ്ത് 14-നാണ് ചപ്പാത്തി നിർമാണ യൂണിറ്റ് അടച്ചത്. അതിനുശേഷം ജയിലിന് സമീപമുള്ള കഫ്ത്തേരിയയും അടച്ചു. ശുചീകരണ തൊഴിലാളികൾ ആയി ജോലി എടുത്തിരുന്ന തടവുകാർ പോകാതെയായി. നിലവിൽ ജീവനക്കാർക്കും തടവുകാർക്കും ആവശ്യമുള്ള ഭക്ഷണം നിർമിക്കാനുള്ള അടുക്കള മാത്രം ഭാഗികമായി പ്രവർത്തിക്കുന്നുണ്ട്. പുറത്തുപോയി ജോലി എടുത്തിരുന്നവരെയൊന്നും അകത്തേക്ക് പ്രവേശിക്കുന്നില്ല. തൊട്ടടുത്തുള്ള വനിത ബ്ലോക്കിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. അടുത്തയിടെ ജയിൽ വകുപ്പ് ആരംഭിച്ച പെട്രോൾ പമ്പും താൽക്കാലികമായി അടച്ചു. രോഗം ബാധിക്കാത്ത തടവുകാരാണ് ഇവിടെ ജോലി എടുത്തിരുന്നത് എങ്കിലും വ്യാപനം രൂക്ഷമായതിനെത്തുടർന്ന് പമ്പ് തുറക്കുന്നത് ശരിയല്ല എന്നാണ് ജയിൽ സൂപ്രണ്ടിന്‍റെ നിലപാട്.
പൂജപ്പുര സെൻട്രൽ ജയിലിൽ 8 ജീവനക്കാർ അടക്കം 477 പേർക്കാണ് കൊറോണ ബാധിച്ചിട്ടുള്ളത്. കൊറോണ പോസിറ്റീവ് ആയിട്ടുള്ളവരുമായി സമ്പർക്കം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പൂജപ്പുര എൽബിഎസ് കോളേജിൽ ആരംഭിച്ച കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലാണ് രോഗബാധിതരെ ചികിത്സിക്കുന്നത്. ജയിലിൽ ഉള്ള ആരോഗ്യപ്രവർത്തകർ കൂടാതെ രണ്ടു ഡോക്ടർമാർ ഒരു നഴ്സ് ഒരു ഫാർമസിസ്റ്റ് എന്നിവരെ കൂടി ഇവിടെ നിയോഗിച്ചിട്ടുണ്ട്.