ബൈക്കിലെത്തി വയോധികയുടെ മാല കവർന്നയാൾ പിടിയിൽ

മലപ്പുറം: കാവന്നൂർ ചക്കിങ്ങൽ സന്ദീപ് (30) ആണ് മുക്കം പോലീസിൻ്റെ പിടിയിലായത്. ഒപ്പമുണ്ടായിരുന്ന ഇളയന്നൂർ സ്വദേശി അനസ് ഒളിവിലായി.
ജൂലൈ ഏഴിന് രാവിലെ മുക്കം കോഴിക്കോട് പാതയിലെ മാമ്പറ്റ പ്രതീക്ഷ സ്കൂളിന് സമീപത്തുവച്ചായിരുന്നു സംഭവം.

വീട്ടുജോലിക്കായി റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ ഒന്നര പവൻ്റെ സ്വർണമാലയാണ് പൊട്ടിച്ചെടുത്തത്. കാവനൂരിലെ ബന്ധുവിൻ്റെ സ്വർണ്ണ കടയിൽ മാല വിറ്റതായി ഇയാൾ പറഞ്ഞതിനെ തുടർന്ന് പോലീസ് ഇവിടെ നിന്നും സ്വർണ്ണം കണ്ടെടുത്തു.

സി. സി. ടി വി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച സൂചനകളാണ് പ്രതികളെ കണ്ടെത്തുവാൻ സഹായകമായത്. കൂട്ടു പ്രതിയായ അനസ് ബൈക്ക് മോഷണമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസിൻ്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share
അഭിപ്രായം എഴുതാം