ന്യൂഡല്‍ഹി: ചൈനീസ് ആക്രമണത്തെ പ്രതിരോധിച്ച 21 സൈനികരുടെ പേരുകള്‍ ധീരതയ്ക്കുള്ള പുരസ്‌കാരത്തിലേക്ക് ശിപാര്‍ശ ചെയ്ത് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ്.
ലഡാക്കില്‍ നിയമിതരായ 21 സൈനികര്‍ക്ക് ധീര മെഡലുകള്‍ നല്‍കണമെന്ന ശിപാര്‍ശ സര്‍ക്കാരിന് അയച്ചു. മെയ് മാസത്തിലുണ്ടായ സംഘര്‍ഷത്തില്‍ 17-20 മണിക്കൂറാണ് അവര്‍ ഉറക്കമില്ലാതെ തോളോട് തോള്‍ നിന്ന് പ്രവര്‍ത്തിച്ചത്.
ചൈനീസ് സൈനികര്‍ കല്ലെറിഞ്ഞപ്പോള്‍, നമ്മുടെ സൈനികര്‍ സ്വയം സംരക്ഷിക്കുക മാത്രമല്ല, പിഎല്‍എ സൈനീകര്‍ക്കെതിരേ രൂക്ഷമായി പ്രതികരിക്കുകയും സാഹചര്യം നിയന്ത്രണവിധേയമാക്കുകയും ചെയ്തുവെന്നും ഐടിബിപിയിലെ 294 ഉദ്യോഗസ്ഥര്‍ക്കും മെഡലുകളുണ്ടെന്ന് ഐ.ടി.ബി.പി ഡയറക്ടര്‍ ജനറല്‍ എസ്.എസ്. ദേശ്വാള്‍ പറഞ്ഞു.
മെയ് മാസത്തിലുണ്ടായ സംഘര്‍ഷത്തില്‍ ചൈനീസ് സേനയുടെ ആക്രമണത്തെ ചെറുത്തെന്നും പ്രത്യാക്രമണം നടത്തിയെന്നും ഇതിലൂടെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും ഐടിബിപി പറഞ്ഞു.
രാത്രി മുഴുവന്‍ നീണ്ടു നിന്ന ആക്രമണത്തില്‍ ചൈനീസ് സേനക്ക് മറുപടി നല്‍കാന്‍ സാധിച്ചെന്നും ഇന്ത്യന്‍ സേനയിലെ നഷ്ടം കുറവാണെന്നും ഐടിബിപി അറിയിച്ചു.
ഹിമാലയ വിന്യാസത്തില്‍ ലഭിച്ച ഉയര്‍ന്ന പരിശീലനത്താല്‍ ഐടിബിപി സൈനികര്‍ക്ക് പിഎല്‍എ സൈനികരെ തടഞ്ഞുനിര്‍ത്താനായി. ഇതിലൂടെ ഇന്ത്യയുടെ പല പ്രദേശങ്ങളെയും സംരക്ഷിക്കാന്‍ ഐടിബിപി സൈനികരിലൂടെ കഴിഞ്ഞു. ഛത്തീസ്ഗഡിലെ നക്സലുകള്‍ക്ക് എതിരെയുള്ള ഓപ്പറേഷനില്‍ ആറ് ഐടിബിപി ഉദ്യോഗസ്ഥര്‍ക്കും പുരസ്‌കാരത്തിന് ശുപാര്‍ശയുണ്ട്.
കൊവിഡിനെതിരെയുള്ള പോരാട്ടത്തിലെ സമര്‍പ്പിത സേവനങ്ങള്‍ക്കായി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രത്യേക ഓപ്പറേഷന്‍ മെഡലുകള്‍ക്കായി 318 ഐടിബിപി ഉദ്യോഗസ്ഥരുടെയും മറ്റ് 40 കേന്ദ്ര സായുധ പൊലീസ് സേനയിലെ (സിഎപിഎഫ്) ഉദ്യോഗസ്ഥരുടെ പേരുകളും സേന ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ജനുവരി മുതല്‍ കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ ഐടിബിപി മുന്നിലുണ്ടെന്നും വുഹാനില്‍ നിന്നും ഇറ്റലിയില്‍ നിന്നും തിരികെ എത്തിച്ചവര്‍ക്ക് ക്വാറന്റൈന്‍ സംവിധാനം ഒരുക്കിയത് സേനയാണെന്നും ഐടിബിപി പറഞ്ഞു.

