കമലാ ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി: ചരിത്രപരം, പ്രതീക്ഷിച്ചിരുന്നതിനാല്‍ അത്ഭുതമില്ലെന്ന് ഡല്‍ഹിയിലെ അമ്മാവന്‍

ന്യൂഡല്‍ഹി: 2020ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഇന്ത്യന്‍ വംശജ കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം ചരിത്രപരമാണ്. എന്നാല്‍ അതില്‍ തനിക്ക് അത്ഭുതമൊന്നും തോന്നിയില്ലെന്നും അവരെ ഓര്‍ത്ത് അഭിമാനമാണുള്ളതെന്നും ഡല്‍ഹിയിലുള്ള കമലയുടെ അമ്മാവന്‍ ഗോപാലന്‍ ബാലചന്ദ്രന്‍. കമലയുടെ ഈ പ്രയാണം മുന്‍കൂട്ടി മനസിലാക്കിയതാണ്. അതില്‍ പ്രത്യേകിച്ച് പുതുമയൊന്നുമില്ല. കമല വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയാല്‍ അമേരിക്കന്‍ ഭരണ തലത്തിലുള്ളവരുമായി ഇടപെടാന്‍ ഇന്ത്യക്കാര്‍ക്ക് എളുപ്പമാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

കമലയുടെ അമ്മ ജീവിച്ചിരുന്നെങ്കില്‍ അവര്‍ വളരെയധികം സന്തോഷിച്ചേനെ. കമലയുടെ ജീവിതത്തിലും കരിയറിലും വഴികാട്ടിയായത് തന്റെ സഹോദരിയായ കമലയുടെ അമ്മ ശ്യാമളയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നൈ സ്വദേശിയായ ശ്യാമള 1960-കളില്‍ അമേരിക്കയിലേക്കു കുടിയേറുകയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമല തിരഞ്ഞെടുക്കപ്പെട്ടാല്‍, 2024ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനും സാധ്യതയുണ്ട്. അമേരിക്കയുടെ പ്രസിഡന്റ് ആകുന്ന ആദ്യവനിതയെന്ന ചരിത്രനേട്ടവും അവരെ കാത്തിരിക്കുന്നുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയാണ് 55കാരിയായ കമല. വിജയിക്കുകയാണെങ്കില്‍ അമേരിക്കയിലെ ആദ്യ വനിത വൈസ് പ്രസിഡന്റ് എന്ന പ്രത്യേകത കമലയ്ക്ക് സ്വന്തമാകും. കമലയെ ‘ഫീമെയ്ല്‍ ബരാക്ക് ഒബാമ’ എന്നാണ് അനുയായികള്‍ വിശേഷിപ്പിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →