ഇടുക്കി: പെട്ടിമുടി മണ്ണിടിഞ്ഞ് കാണാതായ 42 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷാപ്രവർത്തനം തുടരുന്നു. ഞായറാഴ്ച രാവിലെ ആരംഭിച്ച തിരച്ചിലിൽ 12 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പോലീസ് ഡോഗ് സ്ക്വാഡും പ്രദേശത്തെ തിരച്ചിൽ ആരംഭിച്ചു. മണ്ണിനടിയിൽ കുടുങ്ങിയവരെ തിരഞ്ഞു കണ്ടുപിടിക്കാൻ പ്രത്യേകപരിശീലനം ഉള്ള ആളുകളാണ് കൊണ്ടുവന്നിരിക്കുന്നത്, സമീപത്തെ പുഴയിൽ തിരച്ചിൽ നടത്തുന്നതിനായി മുങ്ങൽ വിദഗ്ധരും എത്തിയിട്ടുണ്ട്.
കേന്ദ്ര മന്ത്രി വി മുരളീധരന്‍ ദുരന്തസ്ഥലം സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രദേശം സന്ദർശിച്ചു. ഒരേ ദിവസം കേരളത്തിലെ രണ്ടിടത്ത് വൻ ദുരന്തങ്ങൾ ഉണ്ടായി അതിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ വിവേചനം കാണിക്കരുതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കരിപ്പൂരിൽ എത്തി വിമാനത്താവളത്തിലെ ദുരന്ത മേഖലാ സന്ദർശിച്ചതിനുശേഷം സന്ദർശിക്കാൻ മുഖ്യമന്ത്രി എത്തിയില്ല എന്നതും മുരളീധരൻ ചൂണ്ടിക്കാട്ടി.
പെട്ടിമുടി സന്ദർശിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ നടപടിയെ വിമർശിച്ചതിങ്ങനെയാണ്- “പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം ധനസഹായം നൽകണം. കരിപ്പൂരില്‍ പ്രഖ്യാപിച്ച തുക ഇവിടേയും നല്‍കണം. തമ്മില്‍ വേര്‍തിരിവുണ്ടെന്ന വിമര്‍ശനമുണ്ടാകാൻ സർക്കാർ ഇടയാക്കരുതായിരുന്നു. ദുരന്തസ്ഥലത്ത് മുഖ്യമന്ത്രി സന്ദർശിക്കാത്തതിൽ നാട്ടുകാർക്ക് ഉൾപ്പെടെ അതൃപ്തിയുണ്ട്. ഈ ഘട്ടത്തിൽ വിവാദമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. നാട്ടുകാരുടെ വികാരമാണ് പങ്കുവയ്ക്കുന്നത്.”
പെട്ടിമുടി ദുരന്തത്തിൽ പെട്ടവരോട് വിവേചനം കാണിച്ചു എന്ന് ഡീൻ കുര്യാക്കോസ് എം പി യും പറഞ്ഞു. മുഖ്യമന്ത്രിയുടെ നടപടിയിൽ വിവേചനം ഉണ്ടായി എന്ന് കരുതുന്നതിൽ ആരെയും തെറ്റുപറയാൻ സാധ്യമല്ല എന്നും ഡീൻ പറഞ്ഞു. രണ്ട് ഫേസ്ബുക്ക് പോസ്റ്റുകൾ ആണ് ഈ വിഷയത്തിൽ ഡീൻ ചെയ്തിരിക്കുന്നത്.
പ്രാഥമികമായ ധനസഹായം മാത്രമാണ് ഇടുക്കിയില്‍ നല്‍കിയിട്ടുള്ളത് എന്നും, പൂര്‍ണമായും രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷം അടുത്ത ഘട്ടം ഉണ്ടാകുമെന്നും മുഖ്യമന്ത്രി തന്നെ സൂചിപ്പിക്കുകയുണ്ടായി. ഇതുകൊണ്ട് ഇടുക്കിക്കാരോട് വിവേചനമില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞു വയ്ക്കുന്നത്. ഇതിനോട് ജനപ്രതിനിധി എന്ന നിലയ്ക്ക് താന്‍ യോജിക്കുന്നില്ല എന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

