സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലും യുഎഇ കോൺസുലേറ്റിലും വൻ സ്വാധീനം എന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ

കൊച്ചി: സ്വർണ്ണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയും ഗൂഢാലോചനയുടെ കേന്ദ്രവും സ്വപ്ന സുരേഷ് ആണെന്നും ഉന്നതതല ബന്ധങ്ങളുള്ള സ്വപ്നയ്ക്ക് ജാമ്യം നൽകിയാൽ കേസിലെ തെളിവുകൾ നശിപ്പിക്കുമെന്നും ദേശീയ അന്വേഷണ ഏജൻസി സ്വപ്ന സുരേഷിന്റെ ജാമ്യഹർജിയെ എതിർത്തുകൊണ്ട് എൻഐഎ പ്രത്യേക കോടതിയിൽ ബോധിപ്പിച്ചു. സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുണ്ട്. മുഖ്യമന്ത്രിയുമായും പരിചയമുണ്ട്. യു എ ഇ യുടെ കോൺസുലേറ്റിലും വലിയ ബന്ധമാണ് ഉള്ളത്. ഗൂഢാലോചനയുടെ കേന്ദ്രം സ്വപ്ന സുരേഷ് ആണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്കറുമായി വളരെ അടുത്ത ബന്ധം സ്വപ്നയ്ക്ക് ഉണ്ട്. സ്വപ്നയുടെ സഹായിയും അഭ്യുദയകാംക്ഷിയുമായി ശിവശങ്കർ പ്രവർത്തിച്ചിട്ടുണ്ട്. സ്വർണ്ണം അടങ്ങിയ ഡിപ്ലോമാറ്റിക് പാഴ്സൽ കസ്റ്റംസ് പിടിച്ചു വെച്ചപ്പോൾ ശിവശങ്കരനെ കൊണ്ട് അത് വിട്ടുകിട്ടാൻ സ്വപ്ന ശ്രമിച്ചിരുന്നു. എന്നാൽ കസ്റ്റംസിൽ ശുപാർശ ചെയ്യാനോ ഇടപെടാനോ ശിവശങ്കർ ശ്രമിച്ചില്ല എന്നും എൻഐഎ കോടതിയിൽ അറിയിച്ചു.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ സ്വപ്നയെ സഹായിച്ചിട്ടുണ്ട്. സ്പെയ്സ് പാർക്കിൽ ജോലി നേടി കൊടുത്തത് ശിവശങ്കർ ആണ്. സ്വർണ്ണക്കടത്തിൻറെ പ്രധാന കണ്ണികളിൽ ചിലർ വിദേശത്താണ് ഉള്ളത്. വിദേശത്ത് ഉന്നതരുമായി അടുത്തബന്ധം സ്വപ്നയ്ക്ക് ഉണ്ട്. സ്വപ്നയ്ക്ക് ജാമ്യം നൽകിയാൽ അത് കേസ് അന്വേഷണത്തെയും തെളിവുകളെയും പ്രതികൂലമായി ബാധിക്കും – എൻ ഐ എക്ക് വേണ്ടി ഹാജരായ അസിസ്റ്റൻറ് സോളിസിറ്റർ ജനറൽ പ്രത്യേക കോടതിയിൽ ബോധിപ്പിച്ചു.

എൻഐഎയുടെ കസ്റ്റഡിയിലിരിക്കെ വെളിപ്പെടുത്തിയ കാര്യങ്ങൾ മാത്രമാണ് കേസ് ഡയറിയിൽ ഉള്ളത്. അതിൻറെ അടിസ്ഥാനത്തിൽ തെളിവുകളൊന്നും കണ്ടെത്തുവാൻ എൻഐഎയ്ക്ക് കഴിഞ്ഞിട്ടില്ല. കേസ് രജിസ്റ്റർ ചെയ്തിട്ട് 25 ദിവസം കഴിഞ്ഞു. എൻഫോഴ്സ്മെൻറ് അടക്കം മറ്റ് ഏജൻസികളും കേസെടുത്ത് അന്വേഷിച്ചുവരികയാണ്. സാമ്പത്തിക കുറ്റകൃത്യം എന്നതിനപ്പുറം മാനങ്ങൾ ഒന്നും കേസിന് ഇല്ല. രാഷ്ട്രീയ താൽപര്യങ്ങൾ കേസിനെ രൂപപ്പെടുത്തിയിട്ടുണ്ട്. സ്വപ്നയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു.

കേസ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്നും യുഎപിഎ പ്രകാരം ഉള്ള കുറ്റങ്ങൾ നിലനിൽക്കുകയില്ല എന്നും സ്വപ്നയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചു. ഓഗസ്റ്റ് പത്തിന് ജാമ്യാപേക്ഷയിൽ വിധി പറയും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →