കൊവിഡിന് 49 രൂപയുടെ ഗുളിക പുറത്തിറക്കി മരുന്ന് ഉല്‍പ്പാദന കമ്പനി ലുപിന്‍

‌ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ ഇന്ത്യയില്‍ അനുമതിയുള്ള ഏക മരുന്നാണ് ഫാവിപിരാവിര്‍. ഈ മരുന്ന് കുറഞ്ഞ ചെലവില്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുകയാണ് മരുന്ന് ഉല്‍പ്പാദന രംഗത്തെ പ്രമുഖ കമ്പനിയായ ലുപിന്‍. കൊവി ഹാള്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന ഗുളികയ്ക്ക് ഒന്നിന് 49 രൂപയാണ് വില. ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ അനുമതി നല്‍കിയതിന്റെ പിന്നാലെയാണ് ഗുളിക കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

മിതമായ രോഗബാധയുള്ള കൊവിഡ്19 രോഗികളുടെ ചികിത്സയ്ക്കാണ് ഫാവിപിരാവിര്‍ ഉപയോഗിക്കുന്നത്. കൊവിഡ് ചികിത്സയില്‍ മികച്ച ഫലം ഉണ്ടാ ക്കുന്ന ആന്റി വൈറല്‍ മരുന്നാണ് ഫാവിപിരാവിര്‍. 11 ല്‍പരം കമ്പനികള്‍ ആണ് ഫാവിപിരാവിര്‍ ഉത്പാദന രംഗത്ത് ഇപ്പോഴുള്ളത്. ചിലര്‍ ഇതിനകം തന്നെ ഉത്പാദനവും വിപണനവും തുടങ്ങിയിട്ടുണ്ട്. ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ ആണ് മരുന്ന് ആദ്യം ഇന്ത്യയില്‍ വിപണിയില്‍ എത്തിച്ചത്.

അതേസമയം ഗുരുതരമല്ലാത്ത കോവിഡ് ബാധ ചികിത്സിക്കുന്നതില്‍ ഫലപ്രദമെന്നു കണ്ടെത്തിയ ഫാവിപിരാവിര്‍ മരുന്നിന്റെ ഉല്‍പ്പാദനത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ കൂടുതല്‍ ബ്രാന്‍ഡുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇന്‍ഫ്‌ളുവന്‍സയ്‌ക്കെതിരേ ഫലപ്രദമായ മരുന്നാണ് ഫാവിപിരാവിര്‍. എബോള, നിപ തുടങ്ങിയ വൈറസ് രോഗങ്ങളുടെ ചികിത്സയിലും മികച്ച ഫലം നല്‍കാന്‍ കഴിഞ്ഞിരുന്നു. ചെറിയ പാര്‍ശ്വഫലങ്ങളുണ്ടെങ്കിലും കോവിഡിനെതിരേയും ഒരളവുവരെ നന്നായി പ്രവര്‍ത്തിക്കാന്‍ ഫാവിപിരാവിറിനു കഴിയുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →