ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയ്ക്കിടയിലാണ് ഇത്തവണത്തെ ലോക മുലയൂട്ടല്‍ വാരം കടന്ന് പോവുന്നത്. ആഗസ്ത് 1 മുതല്‍ 7വരെയാണ് മുലയൂട്ടല്‍ വാരം. മുലപ്പാല്‍ ജനിച്ച് വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് എത്രത്തോളം വിലപിടിച്ചതാണെന്ന് മനസ്സിലാക്കി കൊടുക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ആണെങ്കില്‍ പോലും വൈറസ് ബാധയുള്ള അമ്മയില്‍ നിന്ന് കുഞ്ഞിനെ മാറ്റരുതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് ബാധിതരായ അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
മുലയൂട്ടല്‍ തടയുന്നത് മറ്റ് നിരവധി രോഗങ്ങള്‍ക്ക് കാരണമാകും. മുലപ്പാല്‍ കൃത്യമായി ലഭിച്ചില്ലെങ്കില്‍ അത് കുഞ്ഞിന്റെ പ്രതിരോധശേഷിയെ ഗുരുതരമായി ബാധിക്കും. കൊവിഡ് 19 എന്ന് സംശയിക്കപ്പെടുന്ന അല്ലെങ്കില്‍ സ്ഥിരീകരിച്ച അമ്മമാരെ മുലയൂട്ടല്‍ തുടരാന്‍ പ്രോത്സാഹിപ്പിക്കണം. കുഞ്ഞുങ്ങളെ അമ്മയില്‍ നിന്നും വേര്‍പെടുത്തരുത് – എന്നാണ് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞത്.
കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ലഭ്യമാക്കാത്തത് കൊവിഡ് ബാധ മൂലം ഉണ്ടാകുന്ന അപകട സാധ്യതയേക്കാള്‍ ഗുരുതരമാണ്. മുലപ്പാലിലൂടെ കൊറോണ വൈറസ് പകരുന്നതിനെക്കുറിച്ചും തെളിവുകളൊന്നുമില്ല. ഇപ്പോള്‍ നമുക്കറിയാവുന്ന വിവരം മുലയൂട്ടല്‍ അപകടസാധ്യതകളെ മറികടക്കുമെന്നാണ്- ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു.
.