തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍കൂടി കീഴടങ്ങി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദാണ് കീഴടങ്ങിയത്. അബ്ദുല്‍ ഹമീദാണ് ഡിപ്ലോമാറ്റിക് ബാഗ് ഉപയോഗിച്ച് ആദ്യമായി സ്വര്‍ണം കടത്തിയതെന്ന് കണ്ടെത്തിയിരുന്നു. മൂന്നുതവണ ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തി. കേസിലെ പ്രതികളായ സരിത്തിന്റെയും സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും ആവശ്യപ്രകാരമാണ് സ്വര്‍ണം കടത്തിയതെന്നും മൊഴിയുണ്ട്. അതേസമയം കൊച്ചിയിലെ എന്‍ഐഎ കോടതി ചൊവ്വാഴ്ച് സ്വര്‍ണക്കടത്ത് കേസ് പരിഗണിക്കും. ഭീകരവാദബന്ധം സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണസംഘം കോടതിയില്‍ നല്‍കും. കേസ് ഡയറിയും പരിശോധിക്കും. സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുണ്ട്.
കേസില്‍ സി ആപ്റ്റിലെ ഉദ്യോഗസ്ഥരുടെ മൊഴി കസ്റ്റംസ് ഉടന്‍ രേഖപ്പെടുത്തും. സി അപ്റ്റിലെ 3 ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. മൊഴിയെടുപ്പിന് മുന്നോടിയായി സി ആപ്റ്റില്‍നിന്ന് ഏതാനും രേഖകള്‍ ഉദ്യോഗസ്ഥര്‍ വാങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം ശക്തമാക്കി. പ്രധാന പ്രതികളായ സ്വപ്‌ന, സന്ദീപ്, സരിത്ത് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് സമര്‍പ്പിച്ച അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ബുധനാഴ്ച പരിഗണിക്കും. പ്രതികളായ സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരെ ബുധനാഴ്ച ഹാജരാക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശമുണ്ട്.

