അമേരിക്കയില്‍ ഭർത്താവിന്‍റെ കുത്തേറ്റ് മരണമടഞ്ഞ മെറിന്‍റെ മൃതശരീരം എംബാം ചെയ്യാനായില്ല; സംസ്കാരം യു എസില്‍, ബുധനാഴ്ച

മോനിപ്പിള്ളി : കൊല്ലപ്പെട്ട മലയാളി നഴ്‌സ് മെറിന്റെ മൃതശരീരം എംബാം ചെയ്യാനാവകാത്ത നിലയിലായതുകൊണ്ട് ഇന്യായിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. സംസ്‌കാരം ബുധനാഴ്ച യു എസില്‍ നടക്കും.റ്റാംബയിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പള്ളിയിലാണ് സംസ്‌കാര ശുശ്രൂഷ നടക്കുക.

മെറിന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ സഹപ്രവര്‍ത്തക ഓര്‍ത്തെടുക്കുന്നതിപ്രകാരം. “ഞങ്ങള്‍ക്കിത് വിശ്വസിക്കാനാവുന്നില്ല. അവള്‍ ഒരു മാലാഖയായിരുന്നു. രണ്ടു വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് ജോലി ചെയ്യുന്നു. കുത്തിവീഴ്ത്തിയതിനുശേഷം ഞങ്ങളുടെ കണ്‍മുമ്പിലാണ് അവര്‍ കാര്‍ ഓടിച്ചുകയറ്റിയത്. പാര്‍ക്കിംഗ് ലോട്ടില്‍ രക്തം ചിതറിക്കിടന്നു. രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും അവള്‍ പറഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്നാണ്. നിലവിളി കേട്ട് അവിടേക്ക് ഓടിച്ചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.”

മോനിപ്പിള്ളി ഊരാളില്‍ വീട്ടില്‍ പിറവം മരങ്ങാട്ടില്‍ ജോയിയുടേയും മേഴ്‌സിയുടേയും മകളാണ് മെറിന്‍ ജോയി(27). ഭര്‍ത്താവ് ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയില്‍ ഫിലിപ്പ് മാത്യുവിന്റെ കുത്തേറ്റ് മരണമടഞ്ഞത് ആശുപത്രിയുടെ പാര്‍ക്കിംഗ് സ്ഥലത്താണ്. 17 കുത്തുകളാണ് ശരീരത്തിലുള്ളത്. കുത്തി വീഴ്ത്തിയതിനുശേഷം രണ്ടു തവണ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി. എംബാം ചെയ്യാനാവാത്ത സ്ഥിതിയിലായതുകൊണ്ട് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനാകില്ലെന്ന് ശനിയാഴ്ച ഉച്ചയോടെയാണ് മാതാപിതാക്കളെ വിവരമറിയിക്കുന്നത്.

മകള്‍ നോറ ഇവരുടെ കൂടെയാണ്. “മെറിനെ അവസാനമായി കാണണമെന്നുണ്ടായിരുന്നു. ക്രൂരമായ ആക്രമണമേറ്റ കുഞ്ഞിന്റെ മുഖം കാണാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. ചിരിച്ചു വര്‍ത്തമാനം പറയുന്ന പഴയ മുഖം മതി ഓര്‍മയില്‍. നോറയിലൂടെ ഇനി ഞങ്ങള്‍ മെറിനെ കാണും.” അമ്മ മേഴ്‌സി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →