മലപ്പുറം: കൂലിപ്പണിക്കാരനായ യുവാവിൻറെ രേഖകൾ ഉപയോഗിച്ച് ജി എസ് ടി വെട്ടിച്ച് കേരളത്തിൽ നിന്നും കടത്തിയത് 10 കോടി രൂപയുടെ അടയ്ക്കയാണ്. 50 ലക്ഷം രൂപയുടെ അടയ്ക്കയുമായി മഹാരാഷ്ട്രയിലേക്ക് പോകുന്ന ലോറി വഴിക്കടവില്‍ വച്ച് പിടിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. കവനൂർ അതളൂർ സ്വദേശിയായ യുവാവിന്‍റെ രേഖകൾ ഉപയോഗിച്ച് കയറ്റി അയച്ചത് 20 ലോഡ് അടയ്ക്കയാണ്. ലോറി പിടിച്ചതോടെ അത് വിട്ടു കിട്ടുന്നതിനായി വ്യാജ ഹർജി ഹൈക്കോടതിയിൽ ഹാജരാക്കി. ഇതോടെ ജി എസ് ടി സ്ക്വാഡ് അന്വേഷണം അതളൂർ സ്വദേശിയിൽ എത്തി. അടയ്ക്ക വ്യാപാരവുമായി യാതൊരു ബന്ധവുമില്ലെന്നും ഹർജി ഫയൽ ചെയ്തത് താനല്ലെന്നും യുവാവ് ഹൈക്കോടതി മുമ്പാകെ അറിയിച്ചു. പരാതി നല്‍കിയ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.
500 രൂപ മാത്രം മാസ വരുമാനം ഉള്ള ഈ യുവാവിനെ രേഖകൾ ഉപയോഗിച്ച് ഒന്നരമാസം മുമ്പാണ് സംഘം ജി എസ് ടി രജിസ്ട്രേഷൻ എടുക്കുന്നത്. സുഹൃത്തുക്കളിൽ ചിലരാണ് ബിസിനസിനെന്നു പറഞ്ഞ് യുവാവിൻറെ രേഖകൾ വാങ്ങിക്കൊണ്ടു പോയത്. രേഖ ഉപയോഗിക്കുന്നതിനായി ഇരുപത്തയ്യായിരം രൂപ ഓഫർ ചെയ്യുകയും ചെയ്തു.
മലപ്പുറത്തെ അടയ്ക്ക വ്യാപാരവുമായി ബന്ധപ്പെട്ട് ഇത്തരം എട്ട് കേസുകളാണ് ജി എസ് ടി ഇൻറലിജൻസ് വിഭാഗം എടുത്തിട്ടുള്ളത്. ചില പ്രത്യേക ജിഎസ്സ് ടി നമ്പറുകളിൽ അസാധാരണ ചരക്കുനീക്കം ശ്രദ്ധിച്ചാൽ പരിശോധനയുടെ പരിധിയിൽ പെടും. ചരക്ക് നീക്കത്തിന് ആനുപാതികമായി നികുതി അടച്ചിട്ടുമുണ്ടാവുകയില്ല. അടയ്ക്ക കടത്ത് സംഘം സംരംഭം തുടങ്ങാൻ മോഹിച്ചിറങ്ങിയ യുവാക്കളെയാണ് സ്ഥിരമായി തട്ടിക്കാറുള്ളത്. സംരംഭം തുടങ്ങുന്നതിനായി തിരിച്ചറിയൽ കാർഡുകളും പാൻകാർഡും സംഘം ശേഖരിക്കും. എന്നാൽ ഇവരുമായി ബിസിനസുകൾ നടത്താറില്ല. മാസങ്ങൾക്കുശേഷം കോടികൾ അടക്കണമെന്ന് ആവശ്യപ്പെട്ട് ജി എസ് സി വിഭാഗത്തിൽ കത്ത് വരുമ്പോഴാണ് യുവാക്കൾക്ക് അമളി മനസ്സിലാകുന്നത്.
ഒരു ലോഡ് അടയ്ക്ക കടത്തുമ്പോൾ രണ്ടു ലക്ഷം രൂപയാണ് ജിഎസ്ടി വരിക. നികുതിയും പിഴയും അടക്കം ഒരാൾക്ക് രണ്ടു കോടി രൂപയും മറ്റ് രണ്ടു പേർക്ക് 11 കോടി വീതവും അടയ്ക്കണമെന്ന് കാണിച്ച് മൂന്ന് യുവാക്കൾക്ക് ജി എസ് ടി വിഭാഗത്തിൻറെ നോട്ടീസ് ലഭിച്ചു. ഇതിൽ രണ്ടുപേരുടെ രേഖകൾ ഉപയോഗിച്ച് നാല് സ്ഥാപനങ്ങളാണ് തുടങ്ങിയിരിക്കുന്നത്. ഒരെണ്ണം തുടങ്ങിയത് ഡൽഹിയിലും . ജീവിതകാലം മുഴുവൻ പണിയെടുത്താലും ഈ തുക അടയ്ക്കാൻ ആവില്ല എന്ന് പറഞ്ഞ് ഒരു യുവാവ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

