ഇരുനൂറോളം വീടുകളിൽ പ്രാർത്ഥന നടത്തിയ പാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൊടുപുഴ: ഇടുക്കി പീരുമേട് പമ്പനാറിന് സമീപം പട്ടുമല സ്വദേശിയായ പാസ്റ്റർക്കാണ് രോഗ സ്ഥിരീകരണം.

ഒരാൾക്ക് രോഗം കണ്ടെത്തിയതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണാക്കിയ വാർഡിലെ വീടുകളിൽ നിർദ്ദേശം മറികടന്ന് ഇയാൾ പ്രാർത്ഥനയ്ക്ക് എത്തുകയായിരുന്നു. ഇതേ തുടർന്ന് നാട്ടുകാരുടെ പരാതിയിൽ പോലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് ഇയാളെ പീരുമേട്ടിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെയാണ് പരിശോധന ഫലം പോസറ്റീവായത്.

നേരത്തെ രോഗബാധിതനായ തോട്ടം തൊഴിലാളിയെ സന്ദർശിച്ചതോടെ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന വീട്ടമ്മയുടെ വീട്ടിലെത്തി പാസ്റ്റർ പ്രാർത്ഥന നടത്തിയിരുന്നു. താൻ നിരീക്ഷണത്തിലായതിനാൽ വീട്ടിൽ കയറരുതെന്ന് വിലക്കിയെങ്കിലും അത് അവഗണിച്ച് പ്രാർത്ഥന നടത്തുകയായിരുന്നു.

ഇരുന്നൂറിലധികം വീടുകളിൽ ഇയാൾ പ്രാർത്ഥനയ്ക്കായി എത്തിയതായും ഇയാളുടെ സമ്പർക്ക ലിസ്റ്റ് തയ്യാറാക്കി വരുന്നതായും ഇടുക്കി ഡി എം ഒ അറിയിച്ചു.

ഇതിന് മുൻപും കണ്ടെയ്ൻമെന്റ് സോണിൽ ഭവന സന്ദർശനം നടത്തിയതിന് ഇയാളിൽ നിന്നും 25,000 രൂപ പിഴ ഈടാക്കിയിരുന്നു. പെന്തക്കോസ്ത് സഭ ഇയാളെ തൽക്കാലത്തേയ്ക്ക് ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. ഇതിനിടെയാണ് രോഗം കണ്ടെത്തിയത്.

ജില്ലയിലെ തന്നെ ഉപ്പുതറയിൽ വൈദികനും കപ്യാർക്കും സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തി. രോഗം കണ്ടെത്തിയതോടെ പീരുമേട് പഞ്ചായത്തിലെ ആറ് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി.

Share
അഭിപ്രായം എഴുതാം