കൊച്ചി: കൂലിപ്പണിക്കാരനെ ബിനാമിയാക്കി കോടികളുടെ ജിഎസ്ടി തട്ടിപ്പ്. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് ചക്കരക്കാട്ട് കാവിനു സമീപം താമസിക്കുന്ന മൂലേപ്പറമ്പ് എം കെ സുനിക്ക് (49) ജിഎസ്ടി വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ചതോടെയാണ് തട്ടിപ്പു പുറത്തായത്. താന്‍ കൂലിപ്പണി ചെയ്യുന്നയാളാണെന്നും തന്റെ പേരില്‍ കമ്പനിയുള്ള കാര്യം അറിയില്ലെന്നും സുനി പറഞ്ഞു. പരിചയമുള്ള ഒരു പ്ലൈവുഡ് കമ്പനിയുടമയ്ക്ക് ചില രേഖകളിലും ചെക്കിലും ഒപ്പിട്ടു നല്‍കിയിരുന്നു. പ്രതിഫലമായി 1000 രൂപ അയാള്‍ തന്നുവെന്നും ഇതിലപ്പുറം തനിക്കൊന്നും അറിയില്ലെന്നും അറിവില്ലായ്മ മുതലെടുത്തു ചതിക്കുകയായിരുന്നുവെന്നും സുനി പറയുന്നു.
സുനിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്നവെന്നു പറയുന്ന കമ്പനി 2017 മുതല്‍ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ കൃത്യമായി ചെയ്തിട്ടില്ല. ഈ കമ്പനിയുടെ വിറ്റുവരവ് 3,15,97,721 രൂപയാണെന്നും എന്നാല്‍, ഇതിന് അനുസൃതമായ നികുതി അടച്ചിട്ടില്ലെന്നും കാരണം അറിയിക്കണമെന്നുമാണ് നോട്ടിസിലുള്ളത്. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ വീട്ടിലായിരുന്നു സുനിയും അമ്മയും അടുത്തനാള്‍ വരെ താമസിച്ചിരുന്നത്. സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെ ഈയിടെയാണ് വീടു പണിതത്.