ദാരിദ്യത്തെ തുടര്‍ന്ന് 15 ദിവസം പ്രായമായ മകളെ 45000 രൂപക്ക് വിറ്റ് അസം കുടിയേറ്റ തൊഴിലാളി

അസാം: കൊവിഡ് മൂലം ദാരിദ്യത്തിലായവരുടെ കരളലിയിക്കുന്ന കഥകള്‍ ദിവസേന വാര്‍ത്തയായി കൊണ്ടിരിക്കുകയാണ്. അസമിലെ ഗുവാഹത്തിയില്‍ കടുത്ത ദാരിദ്യത്തെ തുടര്‍ന്ന് 15 ദിവസം പ്രായമായ മകളെ 45000 രൂപക്ക് വില്‍ക്കേണ്ടി വന്ന അസം കുടിയേറ്റ തൊഴിലാളിയുടെ വാര്‍ത്തയാണ് ഇതില്‍ പുതിയത്.

കൊക്രാജര്‍ ജില്ലയിലെ വന മേഖലക്കടുത്തുള്ള ധന്തോള മന്ദാരിയയില്‍ താമസിക്കുന്ന ദീപക് ബ്രഹ്മാ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ ഗുജറാത്തിലെ ജോലി സ്ഥലത്ത് നിന്ന് അസമില്‍ മടങ്ങിയെത്തിയ ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. പ്രതി ഗുജറാത്തില്‍ നിന്നും മടങ്ങിയെത്തിയ ശേഷം ഭാര്യ വീട്ടിലാണ് താമസിച്ചിരുന്നതെന്നും ഇതിനിടെയാണ് ഇവര്‍ക്ക് കുഞ്ഞ് പിറന്നതെന്നും നെഡാന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ദിഗാംബര്‍ നര്‍സാരി പറഞ്ഞു. കുടുംബത്തെ പോറ്റാന്‍ പ്രതി ജോലി അന്വേഷിച്ചിരുന്നതായും എന്നാല്‍ കൊവിഡ് മഹാമാരിയില്‍ അത് സാധിച്ചില്ലെന്നും തുടര്‍ന്നാണ് കുട്ടിയെ വിറ്റതെന്നും ദിഗാംബര്‍ നര്‍സാരി പറഞ്ഞു. ജൂലൈ രണ്ടിനാണ് ഭാര്യയും കുടുംബവും അറിയാതെ ഇയാള്‍ പെണ്‍കുഞ്ഞിനെ രണ്ട് സ്ത്രീകള്‍ക്ക് 45000 രൂപക്ക് വിറ്റത്. സംഭവം അറിഞ്ഞതോടെ ഭാര്യയും ബന്ധുക്കളും ബ്രഹ്മക്കെതിരെ പരാതി നല്‍കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കുഞ്ഞിനെ രക്ഷപ്പെടുത്തി.

കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് നല്‍കാനാണ് കുഞ്ഞിനെ വാങ്ങിയതെന്ന് സ്ത്രീകള്‍ പെലീസിനെ അറിയിച്ചു. ലോക്ക് ഡൗണില്‍ ജോലി നഷ്ടപ്പെട്ട ലക്ഷക്കണക്കിന് തൊഴിലാളികളാണ് അസമിലേക്ക് മടങ്ങിയെത്തിയത്. ഇവരെല്ലാം ജോലി ഇല്ലാതെയാണ് സംസ്ഥാനത്ത് താമസിക്കുന്നത്. മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്റ്റ് (എംജിഎന്‍ആര്‍ജിഎ) ഉള്‍പ്പെടെ വിവിധ സംരംഭങ്ങളിലൂടെ ഇവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൊവിഡ് പദ്ധതികള്‍ക്ക് തടസമാവുകയായിരുന്നു. കൊവിഡ് കൂടാതെ അസമിലെ വെള്ളപ്പെക്കവും ആളുകളെ കഷ്ടതയിലാക്കി. സംസ്ഥാനത്ത് ആകെയുള്ള 33 ജില്ലകളിലെ 26 ജില്ലകളിലുള്ള 28.32 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്.

Share
അഭിപ്രായം എഴുതാം