ഇടുക്കി: 65കാരിയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസില്‍ അയല്‍വാസിയായ യുവാവിനെ തമിഴ്നാട്ടില്‍ നിന്ന് കട്ടപ്പന പൊലീസ് പിടികൂടി. കുരിശുപള്ളി കുന്തളംപാറ പ്രിയദര്‍ശിനി കോളനിയില്‍ കുര്യാലില്‍ അമ്മിണിയെ(65) കൊലപ്പെടുത്തിയ കേസില്‍ ഇതേ കോളനിയില്‍ താമസിച്ചുവന്ന മണി(43) ആണ് പിടിയിലായത്. പീഡനവും മോഷണവും ലക്ഷ്യമിട്ടുള്ള ശ്രമത്തിനിടയിലായിരുന്നു കൊലപാതകം. ഭര്‍ത്താവ് കാമാക്ഷി തമിഴ്‌നാട്ടിലേക്ക് പോയ തൊട്ടുപിന്നാലെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മടങ്ങാന്‍ കഴിഞ്ഞില്ല. ഇതുമൂലം വീട്ടില്‍ തനിച്ചായിരുന്നു അമ്മിണി കഴിഞ്ഞിരുന്നത്.
കുന്തളംപാറയിലെ അമ്മിണിയുടെ വീടിനുസമീപം ഒറ്റപ്പെട്ട നിലയിലുള്ള മറ്റൊരു വീട്ടിലാണ് മണി താമസിച്ചിരുന്നത്. ജൂണ്‍ രണ്ടിന് രാത്രി 8.30ന് അമ്മിണിയുടെ വീട്ടിലെത്തിയ മണി അവരെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. അമ്മിണി ബഹളംകൂട്ടിയതോടെ കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. കുതറി മാറാന്‍ വീണ്ടും ശ്രമിച്ചപ്പോള്‍ കഴുത്തില്‍ കത്തികൊണ്ട് കുത്തി. സ്വന്തം വീട്ടില്‍ പോയി രക്തംപറ്റിയ വസ്ത്രം മാറിയശേഷം വീണ്ടും എത്തിയപ്പോഴേക്കും അമ്മിണി മരിച്ചിരുന്നു.
വീട് അടച്ചിട്ടിരുന്നതിനാല്‍ അമ്മിണി തമിഴ്നാട്ടില്‍ ഭര്‍ത്താവിന്റെ അടുത്തേക്കു പോയതായി നാട്ടുകാരും കരുതി. സമീപത്തെ വീട്ടില്‍ നിന്ന് തൂമ്പ കൊണ്ടുവന്ന് ജൂണ്‍ ആറിന് കുഴിയെടുത്തശേഷം ഏഴിന് രാത്രി മൃതദേഹം വലിച്ചിഴച്ചുകൊണ്ടുവന്നു മൂടി. അമ്മിണിയുടെ വീട്ടില്‍നിന്ന് ഇന്‍ഡക്ഷന്‍ സ്റ്റൗ, ഇസ്തിരിപ്പെട്ടി, റേഡിയോ എന്നിവയെടുത്ത് മണി തന്റെ വീടിനോടു ചേര്‍ന്നുള്ള കുളിമുറിയില്‍ ഒളിപ്പിച്ചു. പിറ്റേന്ന് തമിഴ്നാട്ടിലേക്കു പുറപ്പെട്ടെങ്കിലും പാസ് ഇല്ലാത്തതിനാല്‍ കുമളിവഴി അതിര്‍ത്തി കടക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പച്ചക്കറി വാഹനത്തില്‍ കയറി തേനിയില്‍ എത്തി. അമ്മിണിയുടെ കൊലപാതകശേഷം, നാട്ടില്‍നിന്ന് അപ്രത്യക്ഷരായവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മണിയിലേക്ക് പൊലീസിന്റെ സംശയം നീണ്ടത്. മണി പലതവണ അകാരണമായി അമ്മിണിയോട് ശണ്ഠയുണ്ടാക്കിയിട്ടുണ്ട്. ഇതും സംശയത്തിനു കാരണമായി. പ്രതി തമിഴ്‌നാട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ചെന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

