റിവ്യൂ ഹര്‍ജി: കുല്‍ഭൂഷണ്‍ ജാദവിന്റെ സമ്മതം വാങ്ങാന്‍ പാകിസ്ഥാന്‍ അനുവദിച്ചില്ലെന്ന് ഇന്ത്യ

നൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ വധശിക്ഷക്ക് വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവുമായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് തുറന്ന സംഭാഷണത്തിന് അവസരം ലഭിച്ചില്ലെന്നും വധശിക്ഷയ്‌ക്കെതിരായ അപ്പീല്‍ നല്‍കാന്‍ അദ്ദേഹത്തിന്റെ അനുമതി വാങ്ങാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട്. രണ്ടു മണിക്കൂറാണ് കുല്‍ഭൂഷണുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാകിസ്താന്‍ അനുമതി നല്‍കിയത്. ചുറ്റും പാക്ക് ഉദ്യോഗസ്ഥരും ക്യാമറയും ഉണ്ടായിരുന്നു. നിബന്ധനകള്‍ ഇല്ലാതെ 2 മണിക്കൂര്‍ കൂടിക്കാഴ്ച നടത്താന്‍ അനുമതി നല്‍കുമെന്നായിരുന്നു പാക്ക് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്. നിയമകാര്യങ്ങളില്‍ കുല്‍ഭൂഷണെ പ്രതിനിധീകരിക്കുന്നതിന് അദ്ദേഹത്തിന്റെ അനുവാദം വാങ്ങുന്നതില്‍ നിന്ന് പാക്കിസ്ഥാന്‍ ഇന്ത്യയെ തടയുകയായിരുന്നു. കൂടിക്കാഴ്ച വിശ്വാസയോഗ്യമല്ലാത്തതിനാല്‍ പ്രതിഷേധം അറിയിച്ച് നയതന്ത്ര ഉദ്യോഗസ്ഥര്‍ മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യ പാകിസ്താനെ പ്രതിഷേധം അറിയിച്ചു.

കുല്‍ഭൂഷണ്‍ ജാദവിന് മാനസിക പിരിമുറുക്കമുള്ള പോലെയാണ് കാണപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വധശിക്ഷയ്‌ക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുന്നതിനുള്ള സമയം ജൂലൈ 20ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും കുല്‍ഭൂഷണുമായി കൂടിക്കാഴ്ചയ്ക്ക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അവസരം ലഭിക്കുന്നത്. പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ കുല്‍ഭൂഷണ്‍ ജാദവ് തയാറാകുന്നില്ലെന്നും ദയാഹര്‍ജിയുമായി മുന്നോട്ടു പോകുന്നതിനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും പാക്കിസ്ഥാന്‍ കഴിഞ്ഞയാഴ്ച അവകാശപ്പെട്ടിരുന്നു. ഇതിന് മുമ്പ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കുല്‍ഭൂഷണുമായി സംസാരിച്ചത് 2019 സപ്തംബറിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →