പത്തനംതിട്ട: പ്രളയത്തില്‍ തകര്‍ന്ന കടവുകളുടെ പുനരുദ്ധാരണം നടത്തി കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്. പ്രളയത്തില്‍ തകര്‍ന്ന നാലു കടവുകളാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുനര്‍നിര്‍മിക്കുന്നത്. ആറന്മുള ജലോത്സവത്തിന്റെ ഗാലറിയായ മുളവൂര്‍കടവ് പുനരുദ്ധാരണം നടത്തിയതിന്റെ ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. പി.ജി പ്രസന്നകുമാര്‍, സി.വി ഗോപാലകൃഷ്ണന്‍ നായര്‍, അനിരാജ് ഐക്കര, സജീവ് എസ്.കുറുപ്പ്, തോമസ് ജോസഫ്, എസ് അജിത് കുമാര്‍, എം.ആര്‍ പ്രതാപചന്ദ്രന്‍, എ.ആര്‍ ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുളവൂര്‍കടവിന് പുറമെ നെടുമ്പ്രയാര്‍ കടവ്, തോട്ടപ്പുഴശേരി കടവ്, വരയന്നൂര്‍ കടവ് എന്നിവയാണ് പുനര്‍നിര്‍മിക്കുന്നത്.
ബ്ലോക്ക്പഞ്ചായത്ത് പദ്ധതിയില്‍ ഓരോ കടവിന്റെയും നിര്‍മാണത്തിനായി പത്തുലക്ഷം രൂപയാണ് പ്രത്യേകമായി വകയിരുത്തിയത്. കടവുകള്‍ വീണ്ടെടുക്കുന്നതോടൊപ്പം അതിനോടു ചേര്‍ന്ന് 30 മീറ്റര്‍ നീളത്തില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തു കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്. കടവുകള്‍ക്ക് പുറമെ 20 ലക്ഷം രൂപ ചെലവില്‍ മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറില്‍ നിര്‍മിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണെന്ന് ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6207/Newstitleeng.html