തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ ഇപ്പോഴും കസ്റ്റംസ് അന്വേഷണ പരിധിയിൽ തന്നെയാണ്. ബുധനാഴ്ച വൈകിട്ട് 5 മുതൽ വ്യാഴാഴ്ച പുലർച്ചെ രണ്ടര വരെ ചോദ്യം ചെയ്തശേഷം ശിവശങ്കരനെ പൂജപ്പുരയിൽ ഉള്ള വീട്ടിൽ കൊണ്ടുപോയി ആക്കുകയുണ്ടായി. എങ്കിലും ശിവശങ്കരന്റെ മൊഴികളിലെ വൈരുദ്ധ്യങ്ങളിൽ വ്യക്തത വരുത്താനുള്ള ശാസ്ത്രീയ അന്വേഷണങ്ങളാണ് കസ്റ്റംസ്. ചോദ്യം ചെയ്യലിനിടയിൽ ശിവശങ്കരന് ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കരൻ ഉള്ള ബന്ധം കേവലം സൗഹൃദപരമല്ല എന്ന നിഗമനത്തിലാണ് കസ്റ്റംസ്. സ്വർണക്കടത്ത് പ്രതികൾക്ക് ശിവശങ്കരനും ഇടയിൽ നടന്നിട്ടുള്ള ആശയവിനിമയങ്ങളുടെ ബായ്ക്കപ്പ് സംഘടിപ്പിക്കുവാൻ വേണ്ടിയാണ് ശാസ്ത്രീയ പരിശോധനയ്ക്ക് ഫോൺ അയച്ചിരിക്കുന്നത് എന്നാണ് വിവരം.
പ്രതികൾക്ക് താമസ സൗകര്യത്തിന് ഫ്ലാറ്റ് കണ്ടെത്തുന്നതിനായി ശിവശങ്കരൻ ഐടി ഡിപ്പാർട്ട്മെൻറിലെ അരുണ്‍ ബാലചന്ദ്രൻ എന്ന ജീവനക്കാരന് നിർദ്ദേശം നൽകിയിരുന്നു. കൂട്ടുകാരന്‍റെ പുതിയ വീട് നിർമ്മാണം പൂർത്തിയാകുന്നതുവരെ അവരുടെ കുടുംബത്തിന് താമസിക്കുവാൻ വേണ്ടി ഫ്ലാറ്റ് വേണമെന്നും കണ്ടെത്തിയിട്ടുള്ള ഫ്ളാറ്റിന് ചോദിക്കുന്ന വാടകയിൽ ഡിസ്കൗണ്ട് ലഭ്യമാക്കാൻ ഇടപെടണമെന്നും ആയിരുന്നു ശിവശങ്കരൻ ജീവനക്കാരനോട് ആവശ്യപ്പെട്ടത്. അരുണ്‍ ബാലചന്ദ്രനെ ഐ ടി വകുപ്പില്‍ ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് സ്ഥാനത്തു നിന്നും പുറത്താക്കി.
തുടർ അന്വേഷണങ്ങൾക്ക് ശേഷം ശിവശങ്കരനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരിൽ നിന്നും പിടിച്ചെടുത്ത ബാഗേജ് എൻഐഎ കോടതിയിൽ പ്രത്യേക ജഡ്ജിയുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിച്ചു. ഉള്ളടക്കവും പരിശോധനയും വീഡിയോയിൽ ചിത്രീകരിച്ചു.
കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ തിരുവനന്തപുരത്തെ ആഫീസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ സംഘം പരിശോധന നടത്തി. ഇവിടെ ആയിരുന്നു താൽക്കാലിക അടിസ്ഥാനത്തിൽ സ്വപ്ന സുരേഷ് ജോലിചെയ്തിരുന്നത്.

