പത്തനംതിട്ട: കുന്നന്താനം പാലയ്ക്കാത്തകിടിയില്‍നിന്നു തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി(19)യെ കുന്നംകുളത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പാലക്കാട് പട്ടാമ്പി ലത്തീഫിനെ(40)യാണ് കീഴ്‌വായ്പൂര്‍ എസ്‌ഐ സി ടി സഞ്ജയിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഷെയര്‍ ചാറ്റിലൂടെ മൂന്നാഴ്ച മുമ്പാണ് ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിനി ഇയാളെ പരിചയപ്പെട്ടത്.
ചാറ്റ് ചെയ്യുന്നതിനിടയില്‍ തന്റെ മാതാവിന് വയറ്റില്‍ അസുഖമുണ്ടെന്ന് പെണ്‍കുട്ടി ഇയാളോട് പറഞ്ഞിരുന്നു. അമ്മയുടെ ഒരു പടം വാട്‌സാപ്പില്‍ അയച്ചുതന്നാല്‍ താന്‍ അമ്മയുടെ രോഗം ഉസ്താദിനെക്കൊണ്ട് പ്രാര്‍ഥിച്ച് മാറ്റാമെന്ന് ഇയാള്‍ വിളിച്ചുപറഞ്ഞു. ഇതനുസരിച്ച് പെണ്‍കുട്ടി പടം അയച്ചുകൊടുത്തു. അന്നത്തെ ദിവസം മാതാവിന് വയറുവേദന കുറഞ്ഞതോടെ പെണ്‍കുട്ടിക്ക് ഇയാളില്‍ വിശ്വാസമായി. പിന്നീട് ഇയാള്‍ വിളിച്ച് പിറ്റേന്ന് മല്ലപ്പള്ളിയില്‍ വരാമെന്നു പറഞ്ഞു. പിറ്റേന്ന് ഉച്ചയ്ക്ക് 2.30ന് പെണ്‍കുട്ടി പാലയ്ക്കാത്തകിടിയില്‍ എത്തി. ഈ സമയം ഹെല്‍മറ്റ് ധരിച്ച് പള്‍സര്‍ ബൈക്കില്‍ എത്തിയ ലത്തീഫ് മല്ലപ്പള്ളി വരെ പോയിവരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പിന്നില്‍ കയറ്റി.
മല്ലപ്പള്ളിയിലേക്ക് എന്നുപറഞ്ഞ് പുറപ്പെട്ട ബൈക്ക് പോയത് കുന്നംകുളത്ത് ഒരു കാടിനു നടുവില്‍ ആളൊഴിഞ്ഞ വീട്ടിലേക്കായിരുന്നു. അവിടെവച്ച് ഹെല്‍മറ്റ് ഊരുമ്പോഴാണ് പെണ്‍കുട്ടി ആദ്യമായി ഇയാളുടെ യഥാര്‍ഥ മുഖം കാണുന്നത്. അന്നുരാത്രി പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു. ഒറ്റവാതില്‍ മാത്രമാണ് വീടിനുള്ളത്. രാവിലെ ബലാല്‍സംഗം നടത്തിയശേഷം ലത്തീഫ് പുറത്തേക്ക് പോകും. ഭക്ഷണവുമായി മടങ്ങും. വീണ്ടും ബലാല്‍സംഗം. ഇങ്ങനെ നാലു ദിവസം കടന്നുപോയി. ഇതിനിടെ തന്റെ കൈവശമുള്ള ഫോണില്‍ നിന്ന് താന്‍ ട്രാപ്പിലാണെന്നും രക്ഷിക്കണമെന്നും വീട്ടുകാര്‍ക്ക് ശബ്ദസന്ദേശം അയച്ചു. ഉടന്‍ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് സൈബര്‍ സെല്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. 10ന് രാവിലെ ഇന്‍സ്‌പെക്ടറെ വിളിച്ച പെണ്‍കുട്ടി താന്‍ ട്രാപ്പിലാണെന്നും തന്നെ രക്ഷിക്കണമെന്നും അഭ്യര്‍ഥിച്ചു. ആ നമ്പര്‍ കുന്നംകുളത്താണ് ഉള്ളതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പൊലീസുകാര്‍ കുന്നംകുളത്തിന് പുറപ്പെട്ടു. ഒളിസ്ഥലം കണ്ടെത്തി പൊലീസുകാര്‍ ചെന്നപ്പോള്‍ ലത്തീഫ് വീട്ടിലുണ്ടായിരുന്നു. ഉടന്‍തന്നെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

