പട്ടിണിയോടും പ്രാരബ്ധത്തോടും പടവെട്ടി ബിരുദം നേടി, സ്വന്തമായി സ്‌കൂള്‍ തുടങ്ങി; ഡയാന അവാര്‍ഡ് കരസ്ഥമാക്കിയ ജാര്‍ഖണ്ഡിലെ നീരജിന്റെ കഥ ആയിരങ്ങള്‍ക്ക് പ്രചോദനമാവുന്നു

റാഞ്ചി: ബാലവേലയ്‌ക്കെതിരേയുള്ള 2020ലെ ഡയാന അവാര്‍ഡ് ജാര്‍ഖണ്ഡിലെ ഗിരിടിഹ് ജില്ലയിലുള്ള നീരജ് മുര്‍മുവിന് ലഭിച്ചപ്പോള്‍ ബാലവേലയ്‌ക്കെതിരേയുള്ള പോരാട്ടത്തിനുള്ള അംഗീകാരമായിരുന്നു അത്. 1999ല്‍ തുടക്കമിട്ട ഡയാന അവര്‍ഡ് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ ആദരിക്കാനുള്ളതാണ്. ഈ വര്‍ഷം ഈ അവാര്‍ഡ് ലഭിച്ച 23 ഇന്ത്യക്കാരില്‍ ഒരാളാണ് നീരജ്. വിദ്യാഭ്യാസം നേടാന്‍ ഭാഗ്യംലഭിക്കാത്ത കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്ന ഒരു സ്‌കൂള്‍ സ്വന്തമായി ആരംഭിച്ച ആളാണ് നീരജ്. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ്.

പട്ടിണി, ബാലവേല തുടങ്ങി നീരജ് അനുഭവിച്ച കഠിനമായ ജീവിതാനുഭവങ്ങള്‍ പലതാണ്. 2011ല്‍ അപകടകരമായ ഖനികളിലൊന്നില്‍ അവന്‍ തൊഴിലാളിയായിരുന്നു. അവിടെനിന്ന് അവനെ മോചിപ്പിച്ചത് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ കൈലാഷ് സത്യാര്‍ഥിയുടെ ഫൗണ്ടേഷനനാണ്.

പാവപ്പെട്ട ആദിവാസി കുടുംബത്തിലാണ് നീരജ് ജനിച്ചത്. ദിവസം ഒരുനേരം മാത്രമേ കഴിച്ചിരുന്നുള്ളൂ. പിതാവ് കര്‍ഷകനും മാതാവ് ഖനി തൊഴിലാളിയുമായിരുന്നുവെങ്കിലും വീട്ടില്‍ മുഴുപ്പട്ടിണി ആയിരുന്നു. ആറാംതരത്തില്‍ പഠനം അവസാനിപ്പിച്ച ആളായിരുന്നു നീരജിന്റെ പിതാവ്. ഒമ്പതാമത്തെ വയസില്‍ നീരജ് ഖനികളില്‍ പണി ചെയ്തുതുടങ്ങി. ആ അവസ്ഥയില്‍ അവന് സ്‌കൂളില്‍ പോകാന്‍ കഴിയുമായിരുന്നില്ല. ചെറുപ്രായത്തില്‍ ഇങ്ങനെ ഖനികളില്‍ പോകുന്ന കുട്ടികള്‍ക്ക് കാലക്രമത്തില്‍ ശ്വാസകോശ രോഗങ്ങള്‍ കൂടുതലാണ്. മാത്രമല്ല ഖനികളിലെ അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ സംഭവിക്കാറുമുണ്ട്.

കെഎസ്‌സിഎഫ് പ്രവര്‍ത്തകര്‍ നീരജിന്റെ ഗ്രാമത്തിലെത്തി ഈ തൊഴിലിന്റെ അപകടങ്ങളെപ്പറ്റി ബോധവല്‍ക്കരണം നടത്തി. അവര്‍ അവനെ വിദ്യാഭ്യാസത്തിന്റെ പ്രാഥമിക പാഠങ്ങളൊക്കെ പഠിപ്പിച്ച് എട്ടാംക്ലാസില്‍ ചേര്‍ത്തു. അവിടെ അവന് പുതിയ കൂട്ടുകാരെ കിട്ടി. ഭക്ഷണവും പാഠപുസ്‌കങ്ങളും കിട്ടി. പല വിദ്യാര്‍ഥികളും ഇടയ്ക്കുവച്ച് പഠനം അവസാനിപ്പിച്ചപ്പോഴും നീരജ് ജീവിതപ്രയാസങ്ങള്‍ സഹിച്ച് മുന്നോട്ടുതന്നെ പോയി. അങ്ങനെ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി. ഒപ്പം ഒരു മുറി വാടകയ്‌ക്കെടുത്ത് സ്‌കൂളിന്റെ ബോര്‍ഡ് വച്ച് പ്രവര്‍ത്തനവും തുടങ്ങി.

ആര്‍ട്ട്‌സിനു പഠിക്കുന്ന സഹോദരിയും സുഹൃത്തുമായിരുന്നു നീരജിന്റെ സഹപ്രവര്‍ത്തകര്‍. ബഞ്ചുകളും മറ്റും സാവധാനം സംഘടിപ്പിക്കുകയും രജിസ്‌ടേഷനായി സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് അപേക്ഷിക്കുകയും ചെയ്തു. പ്രൈവറ്റ് ട്യൂഷന്‍ എടുത്ത് വട്ടച്ചെലവുകാശ് ഒപ്പിച്ചു.

ഇതുവരെ 20 കുട്ടികളെ ബാലവേലയില്‍നിന്ന് മോചിപ്പിക്കുകയും അവരുടെ മാതാപിതാക്കളെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരിച്ച് സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തു. ജില്ലയിലെ മറ്റ് ഗ്രാമങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ് നീരജും സഹപ്രവര്‍ത്തകരും. പ്രവര്‍ത്തനത്തിലെ ആത്മാര്‍ഥതയും അര്‍പ്പണ മനോഭാവവും തിരച്ചറിഞ്ഞ പ്രാദേശിക ഭരണകൂടവും നീരജിനൊപ്പമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →