നയതന്ത്ര ചാനൽ ഉപയോഗപ്പെടുത്തി സ്വർണം കടത്തിയ സംഭവം എൻ ഐ എ അന്വേഷിക്കും

ന്യൂഡൽഹി: യു എ ഇ യുടെ തിരുവനന്തപുരം കോൺസുലേറ്റിലേക്കുള്ള പാഴ്സലില്‍ സ്വർണ്ണം കടത്തിയ സംഭവം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും. എൻ ഐ എ യ്ക്ക് ഇതു സംബന്ധിച്ച നിർദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകി. ഈ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രത്യേക താത്പര്യം കാണിക്കുന്നതായി വിവരമുണ്ട്. 30 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് നയതന്ത്രചാനൽ വഴി പരിശോധന ഒഴിവാക്കി കടത്താൻ ശ്രമിച്ചത്. ഇതു സംബന്ധിച്ച വിവരം ലഭിച്ച കൊച്ചി കസ്റ്റംസ് കമ്മീഷണറുടെ ഓഫീസ് നേരത്തെതന്നെ സ്വർണ്ണം പിടികൂടാൻ വല വിരിച്ചിരുന്നു. രാജ്യാന്തര ബന്ധങ്ങളെ ബാധിക്കുന്ന ഗുരുതര പ്രശ്നമായി സ്വർണക്കടത്ത് വളർന്നിരിക്കുകയാണ്. യുഎഇ സർക്കാരും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യൻ അന്വേഷണങ്ങൾക്ക് പിന്തുണയും സഹകരണവും അറിയിച്ചിട്ടുണ്ട്.

കള്ളക്കടത്ത് സ്വർണ്ണം അയക്കുന്നത് ആരാണ്, എത്തിച്ചേരുന്നത് ഏത് കരങ്ങളിലാണ് തുടങ്ങിയ കാര്യങ്ങൾക്കൊപ്പം ഈ പണം ദേശവിരുദ്ധ ശക്തികളുടെ കൈകളിൽ എത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ എൻ ഐ എ യുടെ അന്വേഷണ പരിധിയിൽ വരും. രാജ്യത്തേക്ക് കള്ളക്കടത്തായി കൊണ്ടുവന്ന സ്വർണ്ണത്തിൽ ഭൂരിഭാഗവും കേരളത്തിലാണ് എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് വലിയ ഒരു അധോലോകവും കുറ്റവാളി സംഘവും കേരളത്തിൽ നിലവിലുണ്ട്. രാഷ്ട്രീയ ഉദ്യോഗസ്ഥ തല ബന്ധങ്ങളും ഗണ്യമാണ്. കേരളത്തിലേക്ക് സ്വർണം കള്ളക്കടത്ത് ആയി അയക്കുന്നവർക്ക് രാജ്യത്തിൻറെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ ഉദ്ദേശമുണ്ടോ എന്ന ഗൗരവമുള്ള വിഷയവും അന്വേഷണ പരിധിയിൽ വരും.

കസ്റ്റംസ് സ്വർണക്കടത്ത് സംബന്ധിച്ച് നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണത്തിന് പുറമേ ആയിരിക്കും എൻ ഐ എ യുടെ അന്വേഷണം. സ്വർണക്കടത്ത് കുറ്റത്തെപ്പറ്റി ആയിരിക്കും കസ്റ്റംസ് അന്വേഷണം. അതിൻറെ രാജ്യാന്തര താല്പര്യങ്ങളും ദേശസുരക്ഷയുമായി ഉള്ള ബന്ധവും ഭീഷണികളും ആയിരിക്കും എൻ ഐ എ പരിശോധിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →