കേരളത്തില്‍ കതംബവൃക്ഷങ്ങള്‍ പൂക്കുന്നത് കവിതയില്‍ മാത്രമല്ല, ആറ്റിന്‍ കരയിലുമാണ്.

കതംബവൃക്ഷത്തെ കുറിച്ചുള്ള കവിതയും പാട്ടും കേരളീയരുടെ മനസില്‍ പരിചിതമാണ്. പക്ഷെ, വീട്ടു മുറ്റത്തോ വഴിയരികിലോ കതംബവൃക്ഷം പൂത്തുനില്‍ക്കുന്നത് സുപരിചിതമല്ല.

പുരാണങ്ങളിലും കവിതകളിലും കതംബം നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. ടാഗോര്‍ കവിതകളില്‍ മണ്‍സൂണിനെ വിശേഷിപ്പിക്കുന്നത് കതംബ വൃക്ഷത്തെ വര്‍ണിച്ചു കൊണ്ടാണ്. കൃഷ്ണന്റെ അമ്മയോടൊത്തുള്ള ലീലകള്‍ വര്‍ണിക്കുന്ന സുഭദ്രാകുമാരി ചൗഹാന്റെ കവിതകളില്‍ കതംബവൃക്ഷം മുഴുനീളം പ്രതിപാദിക്കപ്പെടുന്നുണ്ട്. യമുനാതീരത്ത് കതംബവൃക്ഷമുണ്ടായിരുന്നെങ്കില്‍ അമ്മേ ഞാനൊരു കൃഷ്ണനായി വൃക്ഷത്തില്‍ കയറി ഓടക്കുഴല്‍ വിളിച്ചേനെ എന്ന് കവിതയില്‍ പറയുന്നു. പുരാണങ്ങളില്‍ ശ്രീകൃഷ്ണന്റെ ഗോപികമാരുടെ കൂടെയുള്ള ലീലകളധികവും കതംബവൃക്ഷത്തിനെ ചുറ്റിപ്പറ്റിയാണ് വര്‍ണിച്ചിരിക്കുന്നത്.

തുളു ബ്രാഹ്‌മണന്മാരുടെ കഥകളില്‍ ശിവനും പാര്‍വതിയും സഹ്യാദ്രിയില്‍ ചെന്ന് ഒരു ദിവ്യശിശുവിന് ജന്മം കൊടുത്തത് കതംബ വൃക്ഷത്തിനടിയിലാണെന്നാണ് പറയുന്നത്. ആ കുട്ടിക്ക് കതംബ എന്ന് പേരിട്ടുവെന്നും അവരുടെ കുടുംബത്തില്‍ പെട്ടതാണ് മയൂരശര്‍മ എന്നും അതുകൊണ്ട് ആ പാരമ്പര്യത്തിന് കതംബ രാജവംശം എന്ന് വിളിക്കപെടുകയും ചെയ്തു എന്നുമാണ് ഐതീഹ്യം. കര്‍ണാടകയില്‍ ഇപ്പോഴും കതംബോത്സവം ആഘോഷിക്കാറുണ്ട്. വസന്തകാലത്താണ് ഈ ഉത്സവം. ബുദ്ധമതത്തില്‍ ശ്രീ ബുദ്ധന് ദിവ്യജ്ഞാനം ലഭിച്ചത് കതംബവൃക്ഷത്തിനടിയിലാണ് എന്നും പറയുന്നു. ഹിന്ദു വിശ്വസപ്രകാരം ചതയം നക്ഷത്രത്തെ പ്രതിനിധാനം ചെയ്യുന്ന വൃക്ഷം കതംബമാണ്.

പുരാണങ്ങളിലും ഐതിഹ്യങ്ങളിലും ഇപ്രകാരം കതംബവൃക്ഷത്തിനുള്ള സ്ഥാനം പോലെ തന്നെ ആയുര്‍വ്വേദത്തിലും ഇതിന് മഹത്തായ സ്ഥാനമുണ്ട്. കതംബജെനിക് ആസിഡ്, കതമൈന്‍, ബീറ്റ സൈറ്റോസ്റ്റിറോള്‍, തുടങ്ങിയ രാസപദാര്‍ത്ഥങ്ങളുടെ അംശങ്ങള്‍ കതംബവൃക്ഷത്തിലുണ്ട്. ദഹന പ്രശ്‌നങ്ങള്‍, പരാന്നഭോജികളുടെ ആക്രമണം കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍, പ്രമേഹം എന്നിവയ്ക്കുള്ള മരുന്നുകള്‍ കതംബവൃക്ഷത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്നുണ്ട്. കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവ സംതുലനം ചെയ്യുവാനുള്ള കഴിവ്, ബാക്ടീരിയയെ ചെറുക്കാനുള്ള കഴിവ്, എന്നിവയും കതംബവൃക്ഷത്തിനുണ്ട്. കാന്‍സര്‍ ചികിത്സയ്ക്കും ഇത് ഉപയോഗിക്കുന്നുണ്ട്.
മുറിവുകളില്‍ വേദനയോ വീക്കമോ ബാധിച്ച ഭാഗത്ത് വേദന കുറയ്ക്കുന്നതിനായി കടമ്പയുടെ ഇല അരച്ച് പുരട്ടാറുണ്ട്.
രോഗം ബാധിച്ച മുറിവ് കഴുകാന്‍ നിയോലാര്‍മിയ കതംബത്തിന്റെ പുറംതൊലി കഷായം വെച്ച് ഉപയോഗിക്കുന്നു.

റൂബിയേസി സസ്യകുടുംബത്തില്‍പ്പെട്ട ഒരിനം ഇലപൊഴിയും മരമാണ് കതംബം. ആറ്റുംകരയില്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്നതുകൊണ്ട് ആറ്റുത്തേക്ക് എന്നും വിളിക്കപ്പെടുന്നു. ഇന്ത്യ, മലയ, ശ്രീലങ്ക എന്നിവിടങ്ങളില്‍ വളരുന്നു. ജലാശയത്തിനരികിലും നനവുള്ള മണ്ണിലുമാണ് ഇത് വളരുന്നത്. ഇലകള്‍ 25 സെ. മീ നീളവും 8 സെ. മീറ്റര്‍ വീതിയുമുള്ളവയാണ്. മഴക്കാലത്താണ് പുഷ്പിക്കുന്നത്. പൂക്കള്‍ക്ക് ഓറഞ്ച് നിറമാണുള്ളത്. അഞ്ചു ദളങ്ങളുള്ള ചെറു സുഗന്ധമുള്ള പൂക്കളില്‍ 5 കര്‍ണങ്ങളും കേസരങ്ങളും കാണുന്നു. കായ മൂപ്പെത്തുന്നത് ഒക്ടോബറിലാണ്.

ഈ വർഷം ആറ്റിങ്ങല്‍ അവനവഞ്ചേരി ഗവ. സ്‌ക്കൂളിലെ ജൈവവൈവിദ്ധ്യ ഉദ്യാനത്തില്‍ കതംബവൃക്ഷം പൂത്തുലഞ്ഞു. നാലു വര്‍ഷം മുമ്പാണ് ഫോറസ്ട്രിയില്‍ നിന്നും കതംബവൃക്ഷത്തൈ പിടിപ്പിച്ചത്. വളരെ കൌതുകത്തോടെയാണ് വിദ്യാർഥികളും അധ്യാപകരും പ്രദേശവാസികളും ഇതിനെ കാണുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →