ആലുവ: ഇന്‍ക്വസ്റ്റ് നടത്തിയവര്‍ക്ക് മനസിലായില്ല, ഫോട്ടോഗ്രാഫറുടെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മദ്യപിച്ച് അബോധാവസ്ഥയിലായ യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഒഴിവായി. ചിത്രങ്ങള്‍ എടുക്കാന്‍ വന്ന ഫോട്ടോഗ്രഫര്‍ക്കു തോന്നിയ സംശയമാണ് യുവാവിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത്. എടത്തല ആനക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവാവ്. ഒരു കുപ്പിവെള്ള നിര്‍മാണ കമ്പനിയിലെ തൊഴിലാളിയാണ്.
ഇദ്ദേഹം അവിടെ വാടകയ്ക്കു താമസിക്കുകയാണ്. രണ്ടുദിവസമായി പുറത്തു കാണാഞ്ഞതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന്‍ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്നു നോക്കി. മരക്കട്ടിലിന്റെ ഒരു ഭാഗത്തേക്ക് തല തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു യുവാവ് അപ്പോള്‍. പോലീസ് എത്തി പരിശോധനകള്‍ നടത്തി മരിച്ചെന്നു കരുതി ഇന്‍ക്വസ്റ്റ് തയാറാക്കാനുള്ള നടപടികള്‍ തുടങ്ങി. കമിഴ്ന്നുകിടന്ന ശരീരം ചിത്രങ്ങള്‍ പകര്‍ത്താന്‍ നിവര്‍ത്തി കിടത്തിയപ്പോഴാണ് ജീവന്‍ പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഫോട്ടോഗ്രഫര്‍ക്ക് സംശയം തോന്നിയത്.
പലതവണ കുലുക്കിവിളിച്ചെങ്കിലും അനക്കമുണ്ടായില്ല. നിരന്തര മദ്യപാനവും രണ്ട് ദിവസമായി ഭക്ഷണം കഴിക്കാത്തതിനാലും അവശനിലയില്‍ ആയതാണെന്നാണു നിഗമനം. മരിച്ചയാളുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു കൊണ്ടുപോകാന്‍ പോലീസ് ആംബുലന്‍സുമായി എത്തിച്ചിരുന്നു. എന്നാല്‍, ജീവനുണ്ടെന്നു കണ്ടതോടെ ഇയാളെ അതേ ആംബുലന്‍സില്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

