സാമ്പത്തികതകര്‍ച്ച വിദ്യാലയ പ്രവേശനത്തില്‍ പ്രതിഫലിക്കുന്നു, എല്ലാ ജില്ലകളിലും സ്വകാര്യ സ്‌കൂളുകള്‍വിട്ട് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് പ്രവാഹം

കോട്ടയം: കോവിഡും ലോക്ഡൗണും രണ്ട് പ്രളയവും കേരളത്തിന്റെ സാമ്പത്തികരംഗത്ത് വന്‍ പ്രഭാവം സൃഷ്ടിക്കുന്നു. ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും സാമ്പത്തിക തകര്‍ച്ച വിദ്യാലയ പ്രവേശനത്തില്‍ പ്രതിഫലിക്കുകയാണ്. ക്ലാസ്മുറികളില്‍നിന്ന് പഠനം ഓണ്‍ലൈനിലേക്ക് മാറിയെങ്കിലും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കുട്ടികളുടെ ഒഴുക്കാണ് കാണുന്നത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ ഓണ്‍ലൈനില്‍നിന്ന് പഠനം ക്ലാസ് മുറികളിലേക്ക് മാറുമെന്നതില്‍ സംശയമില്ല. ഇതിനു മുന്നോടിയായുള്ള സ്‌കൂള്‍ പ്രവേശന നടപടികള്‍ സ്‌കൂളുകളില്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അനവധി ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുവെന്നത് വലിയ ആകര്‍ഷണമായിക്കഴിഞ്ഞു. യൂണിഫോം, പാഠപുസ്തകങ്ങള്‍, ഉച്ചഭക്ഷണം, ഫീസ് നിരക്കിലെ വന്‍ ഇളവുകള്‍ ഇങ്ങനെ സര്‍ക്കാര്‍ സ്‌കൂളുകളുടെ മെച്ചങ്ങള്‍ അനവധിയാണെന്ന ചിന്ത ഇടത്തരക്കാരുടെ ഇടയിലും ശക്തമാണ്. ഇത് കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തെ സ്വാധീനിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിലും മുമ്പത്തെക്കാളും സര്‍ക്കാര്‍ സ്‌കൂളുകള്‍ ഏറെ മുന്നിലാണ്. നല്ല കെട്ടിടങ്ങള്‍, കളിസ്ഥലം, ലൈബ്രറികള്‍, ലബോറട്ടറികള്‍, കംപ്യൂട്ടര്‍ ലാബ്, ശുചിമുറികള്‍ ഇവയൊക്കെ ഏതൊരു സ്വകാര്യ സ്‌കൂളിനോടും കിടപിടിക്കുന്നവയാണ്. കുട്ടികളെ ദിവസവും സ്‌കൂളിലേക്കും തിരിച്ചും എത്തിക്കുന്ന സ്‌കൂള്‍ ബസ്സുകളും മിക്ക സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ഉണ്ട്.

രണ്ട് പ്രളയങ്ങളും ലോക്ഡൗണും കേരളത്തിന്റെ സാമ്പത്തികരംഗം തകര്‍ത്തുകളഞ്ഞു. പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് വരവായി. വരുംവര്‍ഷങ്ങളിലും പ്രവാസികളുടെ വരവിന്റെ എണ്ണം വര്‍ധിക്കാനാണിട. പ്രവാസികളുടെ കൂട്ടമായുള്ള മടങ്ങിവരവ് അവരുടെ വരുമാനംകൊണ്ടു മാത്രം കഴിഞ്ഞിരുന്ന കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. നിലവിലുള്ള തൊഴില്‍രഹിതരുടെ ഇടയിലേക്ക് പ്രവാസികളും ചേരുമ്പോള്‍ വലിയ പ്രതിസന്ധി തൊഴില്‍ മേഖലയില്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. ചെലവുകള്‍ ചുരുക്കിയും വരുമാനം വര്‍ധിപ്പിച്ചും പ്രതിസന്ധി മറികടക്കാനാണ് ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും കുടുംബങ്ങള്‍ ശ്രമിക്കുന്നത്.

ഇതിന്റെ ബഹിര്‍സ്ഫുരണമായി വേണം കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തെയും കാണേണ്ടത്. കൂടുതലായി വരുന്ന കുട്ടികള്‍ക്ക് നല്ല നിലയില്‍ പഠന സൗകര്യം ഏര്‍പ്പെടുത്തുകയെന്നത് സര്‍ക്കാരിന് ഉത്തരവാദിത്തം വര്‍ധിപ്പിക്കും. അധ്യാപക അനധ്യാപക സ്റ്റാഫുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടിവരും. ഇതിനനുസരിച്ച് കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും വര്‍ധിപ്പിക്കേണ്ടതുണ്ട്. കോവിഡനന്തര കേരളം എങ്ങനെ മുന്നോട്ട് പോകുമെന്നത് കാത്തിരുന്നു കാണേണ്ടതുതന്നെ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →