ലോകത്തെ രണ്ടാമത്തെ വലിയ ഡേറ്റാ സെന്റര്‍ മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു

മുബൈ: ലോകത്തെ രണ്ടാമത്തെ വലിയ ഡേറ്റാ സെന്റര്‍ മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചൊവ്വാഴ്ച(07-07-20) മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് നാല് വിഭാഗത്തില്‍ വരുന്ന സെന്ററിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിച്ചത്. ഹിര അദാനി ഗ്രൂപ്പാണ് സെന്റര്‍ നിര്‍മിച്ചിരിക്കുന്നതെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രി രവി ശങ്കര്‍ പ്രസാദ് ട്വിറ്റിറിലൂടെ അറിയിച്ചു. ഇന്ത്യയ്ക്ക് വിവരാധിഷ്ടിതമായ സമ്പദ്ഘടനയെന്ന നിലയില്‍ വലിയ സാധ്യതയാണ് ഉള്ളതെന്ന് മന്ത്രി പറഞ്ഞു. മുംബൈയില്‍ ലോകത്തെ ലോകോത്തരമായ ഈ കേന്ദ്രം സംവിധാനം ചെയ്തിരിക്കുന്നത് ഹിരന്‍നന്ദനി ഗ്രൂപ്പാണ്. ഒരു ഡാറ്റ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയ്ക്ക് വലിയ സാധ്യതകളാണ് ഉള്ളത്. ഇത്തരം ഡാറ്റ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കും- മന്ത്രി കൂട്ടിച്ചേര്‍ത്തു.

വളര്‍ന്നുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ സമ്പദ്ഘനടയുടെ സാധ്യതകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമാണ് ഡാറ്റ സെന്റര്‍ നിര്‍മിക്കുന്നത്.
1000 കോടിയുടെ പദ്ധതിയാണ് ഇതെന്ന് ചെയര്‍മാന്‍ നിരഞ്ജന്‍ ഹിരാനന്ദാനി പറഞ്ഞു. പനവേലിലെ 23 ഏക്കര്‍ ഭൂമിയിലാണ് ഡാറ്റാ സെന്റര്‍ നിര്‍മിച്ചിരിക്കുന്നത്. അടുത്ത കുറച്ചുവര്‍ഷങ്ങള്‍ക്കിടയില്‍ 3500 കോടിയുടെ നിക്ഷേപം കൂടി നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കൊത്ത എന്നീ നഗരങ്ങളില്‍ പരിഗണനയിലുണ്ടെന്നും നിരഞജന്‍ പറഞ്ഞു.

ആമസോണ്‍ ഡോട്ട് കോം, ഗൂഗിളിന്റെ മാതൃക കമ്പനിയായ ആല്‍ഫബെറ്റ് എന്നിവയ്ക്കായുള്ള ഇന്ത്യയിലെ ഡേറ്റ സെന്റര്‍ ആയിരിക്കും ഇതെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഡേറ്റ ഇവിടെത്തന്നെ സൂക്ഷിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നയം. ഇന്ത്യന്‍ ബാങ്കുകളുടേയും പേമെന്റ് ബാങ്കുകളുടെയും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന കമ്പനികളുടെയും ഡേറ്റ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന് ആര്‍.ബി.ഐ. കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യ നിയമം കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ വിദേശ സാങ്കേതിക വിദ്യാകമ്പനികളില്‍ നിന്ന് ഡേറ്റ സെന്ററിനായി കൂടുതല്‍ ആവശ്യക്കാര്‍ വരുമെന്നാണ് കരുതുന്നത്. 5 ജിയും അത്യാധുനിക സ്മാര്‍ട്ട്‌ഫോണുകളും എത്തുന്നതോടെ വലിയ വിപ്ലവം തന്നെ ഈ മേഖലയില്‍ ഉണ്ടാകും.

2018 ലെ വ്യക്തിവിവര സംരക്ഷണത്തിനായുള്ള കരടു ബില്ലില്‍ വ്യക്തിവിവരങ്ങള്‍ ഇന്ത്യയില്‍തന്നെ സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയില്‍ ആശങ്ക ഉയര്‍ന്നതോടെ പല രാജ്യങ്ങളും ഇതേ പാതയിലാണ്. അമേരിക്കന്‍ കമ്പനിയായ ഫെയ്‌സ് ബുക്ക് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിവിറ്റത് ഏറെ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഡേറ്റാ സുരക്ഷയ്ക്ക് രാജ്യങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →