തിരുവനന്തപുരം: സ്വർണക്കടത്തുകേസും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത രാഷ്ട്രീയ സാഹചര്യത്തിൽകോൺഗ്രസ് നേതാവ് കെ മുരളീധരന്റെ പ്രതികരണം കൂടുതൽ ശ്രദ്ധ നേടുകയാണ്. ” 94 – 95 കാലഘട്ടത്തിൽ സിപിഎം കേരളത്തിലെ ചുവരുകളിൽ എഴുതി വച്ചതും തെരുവിൽ മുദ്രാവാക്യം വിളിച്ചതും ചാര മുഖ്യൻ രാജിവെക്കുക എന്നാണ്. മാലിയിൽ നിന്ന് രണ്ടു സ്ത്രീകൾ എത്തിയെന്നും അന്നത്തെ ഡിജിപി ആയിരുന്ന ശ്രീവാസ്തവയെ സ്വാധീനിച്ച് അവർ ചാരവൃത്തി നടത്തിയെന്നും ശ്രീവാസ്തവയെ സംരക്ഷിച്ചത് മുഖ്യമന്ത്രി കരുണാകരൻ ആണെന്നും ഉള്ള സിപിഎമ്മിന്റെ അന്നത്തെ യുക്തി അനുസരിച്ച് ആണെങ്കിൽ ഇന്ന് സ്വർണക്കടത്തുകാര് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സ്വർണക്കടത്ത് നടത്തിയിരിക്കുകയാണ്. ആ ബന്ധത്തിൻറെ പേരിൽ പ്രിൻസിപ്പൽ സെക്രട്ടറിയെ മുഖ്യമന്ത്രി പുറത്താക്കി. ചാര മുഖ്യന് രാജി വെക്കണമെന്ന യുക്തി അനുസരിച്ച് സ്വർണ്ണ മുഖ്യനും രാജിവെക്കണം” കെ മുരളീധരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ചാരക്കേസ് വിവാദം കെട്ടിച്ചമച്ചതാണെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തുകയും ജയിലിലടക്കപ്പെട്ട നമ്പിനാരായണൻ നിരപരാധിയാണെന്നും കേസിന്റെ പേരിൽ അനുഭവിച്ച ദുരിതങ്ങൾക്ക് നഷ്ടം നൽകണമെന്നും പിന്നീട് കോടതി വിധിയുണ്ടായി. ചാരക്കേസ് വിവാദത്തിന്റെ പേരിൽ പിതാവ് അനുഭവിച്ച രാഷ്ട്രീയ പരീക്ഷണങ്ങളുടെ ഓർമ്മകൾ മടക്കി കൊണ്ടുവരുന്ന കെ മുരളീധര ന്റെ പ്രതികരണം കൂടുതൽ ശ്രദ്ധ നേടുകയാണ്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നേരെ ആരോപണങ്ങൾ ശക്തിപ്പെടുത്തുകയാണ്. പ്രതിപക്ഷവും ബിജെപിയും. യൂത്ത് കോൺഗ്രസും ബിജെപിയും യുവമോർച്ച പ്രവർത്തകരും സംസ്ഥാനത്തുടനീളം പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിച്ചു. പലയിടത്തും പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻറെ കോലം കത്തിക്കലും പ്രതിഷേധക്കാർ നടത്തി. കൂടുതൽ ആക്ഷേപങ്ങളുമായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തിയത്.
മുഖ്യമന്ത്രിയുടെ ആഫീസ് അഴിമതിയുടെ കേന്ദ്രം ആയി മാറി. ഐടി വകുപ്പിൽ പിൻവാതിൽ നിയമനങ്ങൾ നൂറുകണക്കിന് നടത്തി. ഐടി സെക്രട്ടറി നടത്തിയ നിയമങ്ങളെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ കൂടിയായിരുന്നു. മുഖ്യമന്ത്രി രാജി വെച്ച് പുറത്തു പോകണം. രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

