ന്യൂഡല്‍ഹി: ലോകമാകെ പടര്‍ന്നുപിടിച്ച കൊലയാളി വൈറസിന്റെ ഉറവിടത്തെ ചൊല്ലി ചൈനയും ലോകരാജ്യങ്ങളും തമ്മില്‍ കടുത്ത വാഗ്വാദത്തിലാണ്. വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസിനെപ്പറ്റി ഉചിതമായ സമയത്ത് ലോകത്തിന് വിവരം നല്‍കിയില്ലെന്നാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നത്. ചൈനയുടെ സമ്മര്‍ദത്തിന് വഴങ്ങി വിഷയത്തില്‍ കാര്യമായ അന്വേഷണം നടത്താന്‍ ലോകാരോഗ്യ സംഘടനയും തയ്യാറായില്ല. ഇതേത്തുടര്‍ന്ന് സംഘടനയ്ക്കുള്ള സാമ്പത്തികസഹായം പോലും അമേരിക്ക ഉപേക്ഷിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ലോകരാജ്യങ്ങള്‍ ചൈനയ്ക്കെതിരേ രംഗത്തുവന്നതോടെ കൊറോണ വൈറസിന്റെ ഉറവിടംതേടി അന്വേഷണത്തിന് ഡബ്ല്യുഎച്ച്ഒ ഒരുങ്ങുകയാണ്.
അഞ്ചുലക്ഷത്തില്‍ പരം ആളുകളുടെ മരണത്തിനിടയാക്കിയ കൊവിഡ്- 19 വ്യാപനം നിയന്ത്രണാതീതമായി പടരുന്ന സാഹചര്യമാണ് ലോകത്താകെ നിലവിലുള്ളത്. രോഗവ്യാപനത്തിന്റെ ഉറവിടവും രോഗം മനുഷ്യരില്‍ വ്യാപിക്കാനിടയായ സാഹചര്യവും വിശകലനം ചെയ്യാന്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസമിതി അടുത്തയാഴ്ച ചൈന സന്ദര്‍ശിക്കും. കൊവിഡ് വ്യാപനം ആരംഭിച്ച് ആറുമാസം കഴിഞ്ഞപ്പോഴാണ് ലോകാരോഗ്യ സംഘടന അന്വേഷണത്തിനായി ചൈനയിലേക്ക് പുറപ്പെടുന്നത്.
കൊറോണ സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിവരങ്ങളാണ് ഡബ്ല്യൂഎച്ച്ഒ നല്‍കുന്നതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കുറ്റപ്പെടുത്ത. നിലവില്‍ ലോകാരോഗ്യ സംഘടന ബീജിങിന്റെ നിയന്ത്രണത്തിലാണെന്നും ഷി ജിന്‍ പിങ് സര്‍ക്കാരിന്റെ നിര്‍ബന്ധപ്രകാരം കൊറോണ വൈറസിനെക്കുറിച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇതിനാല്‍ ഇനി ഈ സംഘടനയില്‍ അമേരിക്കയില്ലെന്നും അദ്ദേഹം തീര്‍ത്തുപറഞ്ഞു.
അമേരിക്ക വര്‍ഷംതോറും 50 കോടി യുഎസ് ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് കൊടുക്കുന്നത്. എന്നാല്‍, വെറും 3.8 കോടി ഡോളര്‍ നല്കുന്ന ചൈനയ്ക്കൊപ്പമാണ് ലോകാരോഗ്യ സംഘടന നിലകൊള്ളുന്നതെന്നാണ് ആരോപണം. ചൈന പറയുന്നതെല്ലാം ലോകാരോഗ്യ സംഘടന ശരിവയ്ക്കുന്നു. ചൈനയുമായി മോശം ബന്ധത്തിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക താല്കാലികമായി നിര്‍ത്തിവച്ചിരുന്നു. യുഎന്‍ രക്ഷാസമിതിയുടെ കൊറോണ പ്രമേയത്തില്‍ ലോകാരോഗ്യ സംഘടനയുടെ പേരു പോലും പാടില്ലെന്ന കടുത്ത നിലപാടും അമേരിക്ക സ്വീകരിച്ചിരുന്നു.
മറ്റു പല രാജ്യങ്ങളും ലോകാരോഗ്യ സംഘടനയ്ക്കെതിരേ രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ കൊറോണ വൈറസിന്റെ ഉറവിടം അന്വേഷിക്കാന്‍ സംഘടന തയാറായത്.

